ഇഷ്ടപ്പെട്ട നടന് ഫഹദ് ഫാസില്‍; മലയാളം ഇന്‍ഡസ്ട്രിയില്‍ എന്നെ ആകര്‍ഷിച്ചത് ആ കാര്യമാണ്: ആയുഷ്മാന്‍ ഖുരാന
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആയുഷ്മാന്‍ ഖുരാന. 2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം നടത്തിയത്. അഭിനയത്തിന് പുറമേ തന്റെ നിരവധി സിനിമകള്‍ക്കായി ഖുരാന പാടിയിട്ടുമുണ്ട്.
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി 2021ല്‍ പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമ ആയുഷ്മാന്‍ ഖുരാനയുടെ ‘അന്ധാദുന്‍’ എന്ന ചിത്രത്തിന്റെ
റീമേക്ക് ആയിരുന്നു. രവി കെ. ചന്ദ്രനാണ് സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് മലയാളത്തില്‍ ലഭിച്ചത്.
മലയാള സിനിമയിലെ ഇഷ്ടപ്പെട്ട നടനെ കുറിച്ചും മലയാള ഇന്ഡസ്ട്രിയിലെ പ്രത്യേകതയെ കുറിച്ചും സംസാരിക്കുകയാണ് നടന്. ബോളിവുഡ് ഹംഗാമ എന്ന ചാനലിന് ആയുഷ്മാന്‍ ഖുരാന നല്കിയ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘എനിക്ക് മലയാളം സിനിമകള്‍ ഇഷ്ടമാണ്. ഫഹദ് ഫാസിലിനെയും എനിക്ക് ഇഷ്ടമാണ്. മലയാളത്തിലെ ഒരുപാട് സിനിമകള്‍ ഞാന്‍ കാണാറുണ്ട്. ആ ഇന്‍ഡസ്ട്രിയില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്. അവര്‍ക്ക് അവരുടെ പ്രേക്ഷകരെ നന്നായി അറിയാം. എന്നെ ആകര്‍ഷിക്കുന്ന ചിലതരം അഭിനിവേശവും പ്രൊഫഷണലിസവും അവരിലുണ്ട്. അവര്‍ എന്റെ സിനിമകള്‍ റീമേക്ക് ചെയ്യുന്നുവെങ്കില്‍ അത് എനിക്ക് വലിയ അംഗീകാരമാണ്. അതില്‍ എനിക്ക് വലിയ സന്തോഷവും തോന്നുന്നുണ്ട്,’ ആയുഷ്മാന്‍ ഖുരാന പറഞ്ഞു.
അതേസമയം, ആയുഷ്മാന്‍ ഖുരാന നായകനാവുന്ന ‘അനേക്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ടി-സീരീസും അനുഭവ് സിന്‍ഹയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുഭവ് സിന്‍ഹ, സിമ അഗര്‍വാള്‍, യാഷ് കേശവാനി എന്നിവരാണ് അനേകിന്റെ തിരക്കഥ ഒരുക്കിയത്.ജെ.ഡി. ചക്രവര്‍ത്തി, ആന്‍ഡ്രിയ കെവിചൂസ, മനോജ് പഹ്വ, കുമുദ് മിശ്ര, ദീപ്ലിന ദേക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവാന് മുള്ളിഗന്‍ ഛായാഗ്രഹണം. യാഷ രാംചന്ദനി എഡിറ്റിംഗ്. സംഗീതം അനുരാഗ് സൈകിയ. എ.എ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം മെയ് 27ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.