ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

0

നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം മേയ് 17ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എല്ലാവര്‍ക്കും താങ്ങാവുന്നതും പ്രാപ്യവും സമഗ്രവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത് വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ആര്‍ദ്രം മിഷന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

രോഗം, ചികിത്സ എന്ന രീതിയില്‍ നിന്ന് മാറി ആരോഗ്യം, സൗഖ്യം എന്ന ആശയത്തിന് പ്രചരണം നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കാനുള്ള ജനകീയ ഇടപെടലുകള്‍ നടത്തുകയും ആണ് ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന 10 പദ്ധതികളില്‍ സുപ്രധാനങ്ങളായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയാണവ. ഈ പദ്ധതികള്‍ ആരോഗ്യ മേഖലയ്ക്ക് കരുത്താകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.