ചൈനീസ് കമ്പനി ഹ്വാവെയ്യെ 5G നെറ്റ്വര്ക്കില് നിന്നും നിരോധിച്ച് കാനഡ; യു.എസിന്റെ ഏറെ നാളത്തെ സമ്മര്‍ദ്ദം
ഒട്ടാവ: ചൈനീസ് കമ്പനി ഹ്വാവെയ്യെ 5G നെറ്റ്വര്ക്കില് നിന്നും കാനഡ നിരോധിച്ചു. ജസ്റ്റിന് ട്രൂഡോ സര്‍ക്കാരാണ് ചൈനീസ് ടെക്നോളജി ഭീമനായ ഹ്വാവെയെ 5G നെറ്റ്വര്ക്കില് നിന്നും നിരോധിച്ചത്.
ഈ വിഷയത്തില്‍ യു.എസിന്റെ സമ്മര്‍ദ്ദവും ഏറെ നാളായി കനേഡിയന്‍ സര്‍ക്കാരിന് മേല്‍ ഉണ്ടായിരുന്നു.
കാനഡയുടെ 5G ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കുന്നതില്‍ ഹ്വാവെയെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ കാനഡയിലെ ജനങ്ങള്‍ക്ക് മേല്‍ ചൈനക്ക് ചാരപ്രവര്‍ത്തി നടത്താന്‍ അത് എളുപ്പമായിത്തീരുമെന്നും അമേരിക്ക നേരത്തെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.
ഇതോടെയാണ് നെക്സ്റ്റ് ജനറേഷന് മൊബൈല്‍ നെറ്റ്വര്ക്കുകളില് നിന്നും ഹ്വാവെയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കാനഡയുടെ പബ്ലിക് സേഫ്റ്റി വിഭാഗം മന്ത്രി മാര്‍കോ മെന്ഡിസിനൊയാണ് ഹ്വാവെയെ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
5G നെറ്റ്വര്ക്കില് നിന്നും നിരോധിച്ചത് ചൈനീസ് ടെക് ഭീമനായ ഹ്വാവെയ്ക്ക് കാനഡയിലെ ബിസിനസില്‍ വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നെറ്റ്വര്‍ക്ക് നല്കുന്നവയില് ഏറ്റവും വലിയ ഗ്ലോബല്‍ സപ്ലയര്‍മാരില്‍ ഒന്നാണ് ഹ്വാവെയ്.നേരത്തെ ഹ്വാവെയ്യുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഹ്വാവെയ് സ്ഥാപകന്റെ മകളുമായ മെങ് വാന്സൗവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കാനഡ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രതികാര നടപടിയെന്നോണം രണ്ട് കനേഡിയന്‍ പൗരന്മാരെ ചൈനയും അറസ്റ്റ് ചെയ്തിരുന്നു.
ആളുകളെ ബന്ദിയാക്കിക്കൊണ്ട് ചൈന രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അന്ന് പല രാജ്യങ്ങളും ആരോപിച്ചിരുന്നത്. എന്നാല്‍ മെങിനെതിരായ കേസ് ചൈനയുടെ ടെക്നോളജിക്കല്‍ വളര്‍ച്ചക്ക് തടയിടാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നായിരുന്നു ചൈനീസ് വാദം.
പിന്നീട് ഇരു രാജ്യങ്ങളും ഇരു കൂട്ടരെയും വിട്ടയക്കുകയും ചെയ്തിരുന്നു.