ഒരാള്‍ യോദ്ധാവിന്റെ ഭാര്യ, ഒരാള്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ’; കോണ്‍ഗ്രസിന് പിന്തുണയറിയിച്ച് ജോയ് മാത്യു

0

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാഷ്ട്രീയ കൊലപാതകത്തിനിരയായ ടി. പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെയും, കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസിനെയും ഉദ്ധരിച്ചായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.

രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.

മെയ് 31നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണികള്‍ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ ജോ ജോസഫ് കളത്തിലിറങ്ങും.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

പ്രചരണം ശക്തമായതോടെ തൃക്കാക്കരയില്‍ എല്‍.ഡി.എഫ് കോണ്‍ഗ്രസ് പോരും ശക്തി പ്രാപിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്ന കെ.പിയസി.സി പ്രസിഡന്റ്‌കെ. സുധാകരന്റെ വാദം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ സുധാകരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രയോഗം മലബാറില്‍ സാധാരണയായി ഉപയോഗിക്കുന്നതാണെന്നും മുഖ്യമന്ത്രി അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നു.ഏറെക്കാലമായി കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുന്ന തൃക്കാക്കര മണ്ഡലത്തില്‍ പി.ടി തോമസിന്റെ നിര്യാണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Leave A Reply

Your email address will not be published.