കൊല്ലം: വിസ്മയ കേസില്‍ വിധി ഇന്ന് പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 ന് ആയുർവേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍, ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
അതേസമയം, വിസ്മയയുടെ ഭര്‍ത്താവ് കിരൺ കുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. സാക്ഷികള്‍ കൂറുമാറിയത് കേസിനെ ബാധിക്കില്ല. ‘മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് കിരൺ കുമാര്‍ മകളെ മര്‍ദ്ദിക്കുമായിരുന്നു. വിവാഹത്തിന് ശേഷവും കിരൺ കുമാര്‍ സ്ത്രീധനമായി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. മര്‍ദ്ദനത്തെ തുടർന്നുണ്ടായ പാടുകളുടെ ചിത്രങ്ങള്‍ വിസ്മയ അയച്ച്തന്നിരുന്നു. മര്‍ദ്ദനം കിരൺ കുമാറിന്റെ സഹോദരിക്കും അറിയാമായിരുന്നു’- വിസ്മയയുടെ അമ്മ പറയുന്നു.