വിധവകൾക്കെതിരെയുള്ള നിയമങ്ങൾ പിൻവലിച്ച് മഹാരാഷ്ട്ര; ഇത്തരം ആചാരങ്ങൾ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നത്

0

മുംബൈ: വിധവകൾക്കെതിരായ നിയമങ്ങളും ആചാരങ്ങളും പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. ഭർത്താവിനെ ചിതയിലേക്കെടുക്കും മുമ്പ് ഭാര്യയുടെ സിന്ദൂരം മായ്ക്കുന്നതും താലിയറക്കുന്നതും പച്ചകുപ്പിവളകൾ പൊട്ടിക്കുന്നതും പലയിടത്തും ഇപ്പോഴും നിലനിൽക്കുന്ന ആചാരങ്ങളാണ്. നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനും മംഗളകർമങ്ങളിൽ പങ്കെടുക്കുന്നതിനും വിധവകൾക്ക് വിലക്കുണ്ട്.

ഇത്തരം ആചാരങ്ങൾ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മഹാരാഷ്ട്രയിലെ ഹെർവാദ്, മാൻഗാവ് എന്നീ ​ഗ്രാമങ്ങൾ ഈ ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ നടപടിയെന്നും ഗ്രാമവികസനമന്ത്രി ഹസൻ മുഷ്‌റിഫ് പറഞ്ഞു.

ഹെർവാദ് ഗ്രാമത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഭാര്യമാർ നേരിടുന്ന ദുരവസ്ഥ മനസ്സിലാക്കിയ നാട്ടുകാർ ഇനിയും ഇത്തരം ആചാരങ്ങൾ വെച്ചുപുലർത്തേണ്ടതില്ല എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.

മേയ് ആദ്യവാരം ചേർന്ന ഗ്രാമപഞ്ചായത്ത് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.

ഹെർവാദിനെ പിന്തുടർന്ന് മാൻഗാവ് പഞ്ചായത്തും സമാനമായ തീരുമാനമെടുക്കുകയായിരുന്നു.സിന്ദൂരം മായ്‌ക്കുക, മംഗലസൂത്രം നീക്കം ചെയ്യുക, കാൽവിരലിലെ മോതിരം, മറ്റ് ആഭരണങ്ങൾ എന്നിവ നീക്കം ചെയ്യുക, പച്ച കുപ്പിവളകൾ പൊട്ടിക്കുക, നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക, വെള്ള വസ്ത്രം ധരിക്കുക തുടങ്ങിയ നിബന്ധനകളാണ് വിധവകൾക്ക് മേൽ അടിച്ചേൽപ്പിച്ചിരുന്നത്.വിധവകൾ കുടുംബ, സാമൂഹിക, മതപരമായ ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും, ഉത്സവങ്ങൾ പരസ്യമായി ആഘോഷിക്കുന്നതിൽ നിന്നും, മറ്റ് പുരുഷന്മാരുമായി ഇടപഴകുന്നതിൽ നിന്നും ആചാരപ്രകാരം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.