ഇന്ത്യയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് മറ്റൊരാളുടെ മതവികാരം വ്രണപ്പെടുത്തും’; ഗ്യാൻവാപി ശിവലിംഗത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രൊഫസർ അറസ്റ്റിൽ

0

ന്യൂദൽഹി: വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ നിന്നും കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കെതിരെ ചോദ്യം ഉന്നയിച്ചതിന് ദൽഹി സർവകലാശാല പ്രൊഫസർ അറസ്റ്റിൽ.

ദൽഹി സർവകലാശാല ഹിന്ദു കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ രത്തൻ ലാൽ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും വിവിധ ഗ്രൂപ്പുകൾക്കിടയിൽ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

രത്തൻ ലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് അറസ്റ്റിലേക്ക് നയിച്ചത്. ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദൽഹി സൈബർ വിഭാഗം അറസ്റ്റ് രേഖപ്പെടുത്തിയത്. രത്തൻ ലാൽ പങ്കുവെച്ചത് പ്രകോപനകരവും അപകീർത്തികരവുമായ ഉള്ളടക്കമാണെന്ന് പരാതിക്കാരൻ ആരോപിച്ചു.

അതേസമയം താൻ ഉപയോഗിച്ചത് കൃത്യമായ വാക്കുകളാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും രത്തൻ ലാൽ വ്യക്തമാക്കി.

ഇന്ത്യയിൽ ആരെങ്കിലും എന്തിനെയെങ്കിലും കുറിച്ച് സംസാരിച്ചാൽ അത് മറ്റൊരാളുടെ മതവികാരത്തെ വ്രണപ്പെടുത്തും. ഇത് പുതിയ കാര്യമൊന്നുമല്ല. ഞാനൊരു ചരിത്രകാരനാണ്. വിഷയത്തിൽ കൃത്യമായ അന്വേഷണവും പഠനവും നടത്തിയിട്ടുണ്ട്. ആ കുറിപ്പ് എഴുതുമ്പോൾ കൃത്യമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോപണങ്ങളെ പ്രതിരോധിക്കും,’ രത്തൻ ലാൽ പറഞ്ഞു.

പള്ളിയിൽ നിന്ന് കണ്ടെടുത്ത ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ നടന്നുവന്ന വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. കൂടുതൽ പ്രവൃത്തി പരിചയമുള്ള മുതിർന്ന ജഡ്ജി കേസ് കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി നടപടി.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ് നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ഗ്യാൻവാപി മസ്ജിദിന്റെ പുറം ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകൾ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ‌ സർവേ നടത്താൻ വാരണാസി കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നത്.

Leave A Reply

Your email address will not be published.