വെണ്ണല വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

0

കൊച്ചി: വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പിസി ജോർജിന്റെ അപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പിസി ജോർജിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അതേസമയം സെഷൻസ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകും.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നായിരുന്നു പിസി ജോർജിന്റെ നിലപാട്. എന്നാൽ കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നായിരുന്നു സർക്കാർ നിലപാട് എടുത്തത്. ഇതേ കുറ്റം ഇനി ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

പാലാരിവട്ടം വെണ്ണലയില്‍ ഒരു ക്ഷേത്രത്തില്‍ നടത്തിയ പ്രസം​ഗത്തിനിടെയാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസം​​ഗത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ആ കേസിന്റെ ജാമ്യത്തില്‍ നില്‍ക്കെയാണ് സമാനമായ രീതിയില്‍ അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പിസി ജോർജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും. കോടതി മുറിയിൽ ഇതിനുള്ള സൗകര്യമൊരുക്കാൻ സൈബർ പോലീസിന് കോടതി നിർദ്ദേശം നൽകി. പിസി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിർദേശം നൽകിയത്. മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു.

പ്രസംഗം കാണുന്നതിനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് – രണ്ടാണ് നിർദ്ദേശം നൽകിയത്. പിസി ജോർജ് ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത വ്യക്തിയാണെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതിനിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.

Leave A Reply

Your email address will not be published.