ഹെറ്റ്‌മെയറിന്റെ ഭാര്യയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഗവാസ്‌കറിനെതിരെ ആരാധകരോഷം

0

രാജസ്ഥാന്‍ റോയല്‍സിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ പരാമര്‍ശത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിനെതിരെ ആരാധകരോഷം. മത്സരത്തിലെ കമന്ററിക്കിടെയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ ഭാര്യയെ കുറിച്ചുള്ള ഗവാസ്‌കറിന്റെ പരാമര്‍ശം.ഹെറ്റ്‌മെയറിന്റെ ഭാര്യയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആളുകയാണ്. ഗവാസ്‌കര്‍ ഒരിക്കലും ഒരു നല്ല മനുഷ്യനല്ലെന്നും, ഈ പരിപാടി നിര്‍ത്തി പോകാനുമാണ് ആളുകള്‍ പറയുന്നത്.

രാജസ്ഥാന്റെ കഴിഞ്ഞ രണ്ട് മത്സരത്തിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം സ്വന്തം നാടായ ഗയാനയിലേക്ക് മടങ്ങിയിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടീമിനൊപ്പം ചേര്‍ന്ന ഹെറ്റ്‌മെയര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ കളിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ഇന്നിംഗ്‌സിനിടെയായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം. ‘ഹെറ്റ്‌മെയറിന്റെ ഭാര്യ പ്രസവിച്ചു, ആ പ്രകടനം അവന് രാജസ്ഥാന് വേണ്ടിയും നടത്താന്‍ സാധിക്കുമോ? (Shimron Hetmyer’s Wife Has Delivered, Will He Deliver Now For The Royals?) എന്നായിരുന്നു ഗവാസ്‌കര്‍ ചോദിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും ബഹുമാന്യനായ ഒരു വ്യക്തിയും സീനിയര്‍ കമന്റേറ്ററുമായ ഗവാസ്‌കറില്‍ നിന്നും ഇത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടായതിന്റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം.

ഇതാദ്യമായല്ല ഗവാസ്‌കര്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തുന്നത്. നേരത്തെ വിരാട് കോഹ്‌ലിക്കെതിരെയും അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കെതിരെയും ഗവാസ്‌കറിന്റെ പരാമര്‍ശം ഉയര്‍ന്നിരുന്നു.

‘ലോക്ക്ഡൗണ്‍ കാലത്ത് വിരാട് അനുഷ്‌കയുടെ പന്തുകളില്‍ മാത്രമാണ് കളിച്ചിരുന്നത്’ (ഇനോനേ ലോക്ക്ഡൗണ്‍ മേ തോ ബസ് ആനുഷ്‌ക കി ഗേംദോം കി പ്രാക്ടീസ് കി ഹൈ) എന്നായിരുന്നു ഗവാസ്‌കറിന്റെ പരാമര്‍ശം.

Leave A Reply

Your email address will not be published.