ആന്തണി അല്‍ബനീസ് ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി; സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടിക്ക് വിജയം; ആശംസയറിയിച്ച് മോദി

0

കാന്‍ബറ: ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ആന്തണി അല്‍ബനീസ് സ്ഥാനമേല്‍ക്കും. രാജ്യത്ത് നടന്ന ദേശീയ ഫെഡറല്‍ തെരഞ്ഞെടുപ്പിലാണ് സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി അല്‍ബനീസ് വിജയിച്ചത്.

 

ഇതോടെ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് സ്ഥാനമൊഴിയേണ്ടി വരും. മോറിസണിന്റെ ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയയുടെ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നതോടെയാണ് ഇത്.നിലവില്‍ ഓസ്‌ട്രേലിയയുടെ പ്രതിപക്ഷ നേതാവാണ് ആന്തണി അല്‍ബനീസ്. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പിലൂടെ സ്‌കോട്ട് മോറിസണിന്റെ സഖ്യ സര്‍ക്കാരിനെ ആന്തണി അല്‍ബനീസ് പുറത്താക്കിയത്.

 

പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 76 സീറ്റുകളാണ് നേടേണ്ടത്. ശനിയാഴ്ച വൈകി വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ലേബര്‍ പാര്‍ട്ടി 72 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. അതേസമയം, ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയക്ക് 55 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുള്ളത്.ഇതോടെയാണ് ലേബര്‍ പാര്‍ട്ടി വിജയമുറപ്പിച്ചത്.

 

തോല്‍വിക്ക് പിന്നാലെ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും സ്‌കോട്ട് മോറിസണ്‍ സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പുതിയ ആളായിരിക്കും എത്തുക.അതേസമയം, ആന്തണി അല്‍ബനീസിന്റെ വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചിട്ടുണ്ട്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു മോദി ആശംസകളറിയിച്ചത്.

 

”പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിലും ഓസ്‌ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തിനും ആന്തണി അല്‍ബനീസിന് ആശംസകള്‍.ഇന്തോ- പസഫിക് മേഖലയിലെ സഹകരണത്തിനും ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്ടാറ്റജിക് പാര്‍ട്ണര്‍ഷിപ് ശക്തിപ്പെടുത്തുന്നതിന് വേണ്ടി വര്‍ക്ക് ചെയ്യുന്നതിനും മുന്നോട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു,” എന്നായിരുന്നു മോദി ട്വീറ്റില്‍ പറഞ്ഞത്.

 

ഓസ്‌ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായിരിക്കും ആന്തണി അല്‍ബനീസ്.

 

 

 

 

Leave A Reply

Your email address will not be published.