കേന്ദ്രത്തിന് പിന്നാലെ ഇന്ധന വില കുറച്ച് സംസ്ഥാന സർക്കാർ; പെട്രോളിന് 2.41-ും ഡീസലിന് 1.36 രൂപയും കുറച്ചു

0

തിരുവനന്തപുരം : കേന്ദ്രം ഇന്ധന വിലയിലെ എക്സൈസ് തീരുവ വെട്ടികുറച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ ഇളവ് വരുത്തി. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.കൂടാതെ വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ധന നികുതി കുറച്ച നടപടി സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന് 8 രൂപയും, ഡീസലിന് 6 രൂപയുമാണ് കുറച്ചിരിക്കുന്നത്. നാളെ മുതൽ വിലക്കുറവ് നിലവിൽ വരും. വിപണിയിൽ പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും. ഇതോടെ സംസ്ഥാനത്ത് 10.41 രൂപയും ഡീസലിന് 7.36 രൂപയുമാണ് ഇളവ് ലഭിക്കുന്നത്.

രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ തുടർന്ന് അരിയടക്കമുള്ള സാധനങ്ങളുടെ വില ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രസർക്കാർ പുതിയ നടപടി സ്വീകരിച്ചത്. നിർമ്മാണമേഖലയിലടക്കം വിലക്കയറ്റം തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കാർഷിക രംഗത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വളത്തിന് നൽകുന്ന സബ്‌സിഡി ഉയർത്തിയിട്ടുണ്ട്. ഇതിനായി 1.05 ലക്ഷം കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇത് സബ്സിഡിയായി നൽകുന്നതോടെ വളത്തിന്റെ വില കുറയുകയും കർഷകർക്ക് ആശ്വാസമാകുകയും ചെയ്യും. ഇതിനോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കായി ഉള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കസ്റ്റംസ് തീരുവയും കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

Leave A Reply

Your email address will not be published.