മാപ്പില്‍ മസ്ജിദിന് പകരം മന്ദിര്‍ എന്ന് ഗൂഗിള്‍ തിരുത്തുന്നതു വരെ ഇടപെടണം’; വിദ്യാര്‍ത്ഥികള്‍ക്ക് മെയിലയച്ച് സ്കൂള്‍ അധികൃതര്‍
ബെംഗളൂരു: ഗൂഗിള്‍ മാപ്പില്‍ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ പേര് മാറ്റി ഗ്യാന്‍വാപി ക്ഷേത്രമാക്കണം എന്ന ആവശ്യവുമായി ബെംഗളൂരുവിലെ വിദ്യാലയം. ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്കൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിവാദ മെയിലയച്ചത്. പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്റെ ലെറ്റര്‍പാഡില്‍ അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു സഹോദരന്മാരെ സഹോദരിമാരെ എന്ന് തുടങ്ങുന്ന മെയിലില്‍ ഹിന്ദുത്വ ശക്തികള്‍ ആവശ്യപ്പെടുന്നത് പോലെ മസ്ജിദിന് പകരം മന്ദിര്‍ എന്ന് ഗൂഗിള്‍ തിരുത്തുന്നതു വരെ ഇടപെടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഇമെയിലിന്റെ സ്ക്രീന്‍ഷോട്ട് വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. താന്‍ സ്കൂളിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും, സ്കൂള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പ്രവര്‍ത്തികള്‍ക്ക് നേര്‍വിപരീതമാണെന്നും പൂര്‍വ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും മതേതരത്വമാണ് പഠിപ്പിക്കേണ്ടതെന്നും വിദ്യാര്‍ത്ഥകള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി വിഷയം ജില്ലാ കോടതിക്ക് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. കേസ് പരിചയ സമ്പത്തുള്ള മുതിര്‍ന്ന അഭിഭാഷകനാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വാരണായിലെ ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്കിയ ഹരജിയുടെ പിന്നാലെ ക്ഷേത്രത്തില്‍ സര്‍വേ നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടിരുന്നു.സര്‍വേ തടഞ്ഞുകൊണ്ട് മസ്ജിദ് കമ്മിറ്റിയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു.