പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തിയാല്‍ അടുത്ത് ഒരു അമ്മതൊട്ടിലും നിര്‍മിക്കണമെന്ന് കമന്റ്; നിങ്ങള്‍ ഉണ്ടായത് അങ്ങനെയാണോ എന്ന് ദീപ നിഷാന്ത്

0

തിരുവനന്തപുരം: പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരിത്തുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴേ വന്ന കമന്റിന് മറുപടിയുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്.

 

പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തിയാല്‍ അതിന്റെ അടുത്ത് ഒരു ഹോസ്പിറ്റല്‍, ഒരു ബാലവാടി, ഒരു അമ്മ തൊട്ടില്‍ എന്നിവകൂടി നിര്‍മിക്കുക എന്നായിരുന്നു കമന്റ്. താനുണ്ടായത് അങ്ങനെയാണോ എന്ന് ദീപാ നിഷാന്ത് മറുപടിയും നല്‍കി.പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഇടകലര്‍ത്തിയിരുത്തുക, ഉടുപ്പിലും നടപ്പിലും തുല്യത വരുത്തുക തുടങ്ങി പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളുകള്‍ നടപ്പാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്തുണയെന്നോണമായിരുന്നു ദീപയുടെ പോസ്റ്റ്.മിക്‌സഡ് സ്‌കൂളായിരുന്നിട്ടും ഞങ്ങള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളായിരുന്നു. ഒരു മതില്‍ക്കെട്ടിനുള്ളില്‍ത്തന്നെ ഓഫീസ് റൂമിന്റെ ഇരുഭാഗങ്ങളിലായി ആണ്‍ക്ലാസ്സുകളും പെണ്‍ക്ലാസ്സുകളും വേര്‍തിരിക്കപ്പെട്ടിരുന്നു. ഉച്ചനേരത്ത് വരാന്തയിലിരിക്കാന്‍ ഞങ്ങള്‍ തിടുക്കം കൂട്ടും. അപ്പുറത്തെ വരാന്തയില്‍ ആണ്‍കുട്ടികളും നിരക്കും. പരുക്കന്‍ ഹെഡ്മാസ്റ്റര്‍ ഗൗരവത്തില്‍ ഓഫീസ് റൂമിന്റെ വരാന്തയിലൂടെ ഉലാത്തുമ്പോള്‍ ഞങ്ങള്‍ പഠിക്കുകയാണെന്ന വ്യാജേന പുസ്തകത്തിലേക്കു മുഖം പൂഴ്ത്തും. അപ്പുറത്തു നിന്നും ആണ്‍കുട്ടികള്‍ തൊടുത്തുവിടുന്ന ‘ആരോ’ കള്‍ ഏറ്റുവാങ്ങാന്‍ ‘ആരുമില്ലാതെ’അനാഥമായി മുറ്റത്തു കിടക്കും. അതിര്‍ത്തി ലംഘനം നടത്താന്‍ ശ്രമിക്കുന്ന പയ്യന്മാരെ ഹെഡ്മാസ്റ്റര്‍ കോപക്കണ്ണുകള്‍ കൊണ്ട് പിന്നോട്ടോടിക്കും.അങ്ങനെ ആ ഒറ്റമതില്‍ക്കെട്ടിനുള്ളില്‍ ‘അനാഘ്രാത കുസുമ’ങ്ങളായി ഞങ്ങള്‍ കഴിഞ്ഞിരുന്ന കാലത്താണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരു ക്ലാസിലിരുത്താനുള്ള ആ തീരുമാനം പൊട്ടിവീണത്. പുറമേ ആശങ്കയും ശക്തമായ അസംതൃപ്തിയും ഭാവിച്ചെങ്കിലും ഉള്ളില്‍ ആനന്ദാതിരേകത്തോടെയാണ് ഞങ്ങളാ തീരുമാനത്തെ വരവേറ്റത്ത്. അങ്ങനെ ആണ്‍പെണ്‍മതിലുകള്‍ തകര്‍ക്കപ്പെട്ടു.

 

വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമായിട്ടു പോലും ഇന്നും പണ്ടത്തെ ബയോളജി ക്ലാസ്സ് ഓര്‍മ്മയിലുണ്ട്. അടുത്തിടെ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട പല വിഷയങ്ങളും ആ ബയോളജി ക്ലാസ്സിനെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തി,’ ദീപ നിഷാന്ത് കുറിച്ചുകാലഹരണപ്പെട്ട ചിന്തകളാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ആ ചിന്തകള്‍ക്കുമേല്‍ ഒരു റീത്ത് വെക്കണമെന്നും, പുറകേ വരുന്നവരുടെ വഴിമുടക്കികളാകരുതെന്നും ദീപാ നിഷാന്ത് പറഞ്ഞു.

 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന നിര്‍ദ്ദേശമൊക്കെ ഏതര്‍ത്ഥത്തിലാണ് വിവാദമാകുന്നതെന്നും ദീപ ചോദിച്ചു. 5 വര്‍ഷം മുന്‍പ് എഴുതിയ പോസ്റ്റാണ് ദീപ ഈ സാഹചര്യത്തില്‍ വീണ്ടും പങ്കുവെച്ചത്.

Leave A Reply

Your email address will not be published.