വിസ്മയ കേസിൽ വിധി ഇന്ന്; പ്രതി കിരണിന് 10 വർഷം വരെ തടവ് ലഭിച്ചേക്കാം

0

കൊല്ലം:വിസ്മയ കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആണ് പ്രതി. ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കേസിൽ 41 സാക്ഷികള്‍, 118 രേഖകള്‍, 12 തൊണ്ടി മുതലുകൾ, ഇവയെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കിരണ്‍കുമാറില്‍ നിന്ന് വിസ്മയ ശാരീരിക-മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നുവെന്ന് മാതാപിതാക്കളും സുഹൃത്തുക്കളും ക്‌ളനിക്കല്‍ സൈക്കോളജിസ്റ്റും മൊഴി നല്‍കിയിട്ടുണ്ട്.

ചടയമംഗലം നിലമേല്‍ സ്വദേശിയായ വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിൽ കഴിഞ്ഞ ജൂൺ 21 നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാര്‍ഥിനി ആയിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പോലീസിന്റെ കുറ്റപത്രത്തിലും പറയുന്നുണ്ട്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് വിധി പറയുന്നത്.

കേസിന്റെ വിചാരണ ആരംഭിച്ചത് ജനുവരി പത്തിനാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പക്ഷെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

Leave A Reply

Your email address will not be published.