തൃക്കാക്കര:ഉമാ തോമസിന് ഏറ്റവുമധികം വോട്ട് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് വിവാദമായതോടെ വിശദീകരണവുമായി പ്രവാസി കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ്.വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയല്ല,മറിച് കോൺഗ്രസ്സ് പ്രവർത്തകർക്ക്
പ്രചോദനം നല്കാന് വേണ്ടി യാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.വോട്ടര്‍മാരെ നേരിട്ട് സ്വാധീനിക്കാനോ പാരിതോഷികങ്ങള്‍ നല്‍കാനോ ശ്രമിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തെയോ സ്ഥാനാര്‍ത്ഥിയെയോ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്‍കാസ് യൂത്ത് വിങ് യു.എ.ഇ കമ്മിറ്റി ഏറ്റടുക്കുന്നു എന്നും അവർ വ്യക്തമാക്കി അതേസമയം ഇന്‍കാസിനെതിരെ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം.സ്വരാജ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്കും റിട്ടേണിങ് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍, ഉമാ തോമസിന്റെ ഫോട്ടോ വെച്ചുകൊണ്ടുള്ള പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണെന്നും പരാജയം ഉറപ്പായപ്പോള്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ തേടാന്‍ യുഡിഎഫ് ദയനീയമായി നിര്‍ബന്ധിതരായിരിക്കുകയാണെന്നും സ്വരാജ് പരാതിയില്‍ പറയുന്നു.പരാതിയെ നിയമപരമായി തന്നെ നേരിടുമെന്ന് ഇന്‍കാസ് യൂത്ത് വിങ് യു.എ.ഇ ഘടകം പ്രസിഡന്റ് ഹൈദര്‍ തട്ടത്താഴത്ത്, ജനറല്‍ സെക്രട്ടറി ജിജോ ചിറക്കല്‍ എന്നിവര്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസമായിരുന്നു ഇന്‍കാസ് യൂത്ത് വിങ്ങിന്റെ യു.എ.ഇ കമ്മിറ്റി പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയത്. സ്നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.വിവാദമായെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിന്നും ഇന്‍കാസ് പോസ്റ്റര്‍ നീക്കം ചെയ്തിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപ സമ്മാനമായി ഇന്‍കാസ് വാഗ്ദാനം ചെയ്തിരുന്നു.