പേരാമ്പ്രയിലെ മുതിര്‍ന്നവരുടെയും ആലപ്പുഴയിലെ കുട്ടിയുടെയും മുദ്രാവാക്യം ഒരുപോലെ അപകടകരം; മാധ്യമ വിവേചനം സംഘി മനസ്: സത്താര്‍ പന്തല്ലൂര്‍

0

കോഴിക്കോട്: പേരാമ്പ്രയില്‍ നോണ്‍ ഹലാല്‍ ബീഫ് വിഷയത്തെതുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ മുദ്രാവാക്യവും പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യവും ഒരുപോലെ കാണണമെന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മാധ്യമങ്ങളിതിനെ വിവേചനപൂര്‍വം കാണുന്നത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയായ സംഘികള്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.അതിന് ബദലായി പരമാവധി ധൈര്യം സമാഹരിച്ച് ഒരു കുട്ടിയെക്കൊണ്ടെങ്കിലും തിരിച്ച് വിളിപ്പിച്ച് ആശ്വാസം കണ്ടെത്തിയ സുഡാപ്പി നടപടിയും അംഗീകരിക്കാന്‍ കഴിയില്ല. പക്ഷെ ചില മാധ്യമങ്ങള്‍ ഇത്തരക്കാരെ ഒരു പോലെ അപകടകാരികളായി കാണുന്നതിന് പകരം വിവേചനം കാണിക്കുന്നത് കാപട്യമാണ്. അതവരുടെ സംഘി മനസ്സാണ് കാണിക്കുന്നത്. ഇവര്‍ രണ്ടു കൂട്ടരും ഈ നാടിന്റെ സമാധാനം തകര്‍ക്കുന്നവരാണ്. പരസ്പരം ശക്തിപകരുന്ന സഹകരണ സംഘങ്ങളാണ്,’ സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

‘ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റയ്ക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്,’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നത്.പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം സംബന്ധിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്.

ഇതിനിടെ പ്രകടനത്തില്‍ കുട്ടി മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

Leave A Reply

Your email address will not be published.