കളി മറന്ന് ലയണല്‍ മെസി; മോശം സീസണെന്ന് ഉറക്കെ പറഞ്ഞ് കായികലോകം

0

ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയിലുള്ള കളിക്കാരിലൊരാളാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഇടം കാലുകൊണ്ട് ഗ്രൗണ്ടില്‍ മായാജാലം തീര്‍ക്കുന്ന മെസിയുടെ കളിയഴകിനെ വാഴ്ത്താത്തവരായി ആരും തന്നെ കാണില്ല.

ഗോളടിക്കുന്നതിനോടൊപ്പം അടിപ്പിക്കുന്നതിലും മെസി എന്നും മുമ്പിലായിരുന്നു. എന്നാല്‍ 2021ല്‍ മെസിയുടെ മോശം സീസണുകളിലൊന്നിനാണ് ഫുട്ബോള്‍ ലോകം കാഴ്ചക്കാരായത്.

2021 ഓഗസ്റ്റിലാണ് മെസി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിട്ട്, ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് കുടിയേറിയത്.

ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപെ, ബ്രസീല്‍ സൂപ്പര്‍ താരവും ബാഴ്സയിലെ മെസിയുടെ സഹതാരവുമായിരുന്ന നെയ്മര്‍, അര്‍ജന്റൈന്‍ അമീഗോ ഡി മരിയ എന്നിവരടങ്ങിയ പി.എസ്.ജി നിരയില്‍ മെസി കൂടെ എത്തുമ്പോള്‍ പ്രതീക്ഷകളേറയായിരുന്നു.

എന്നാല്‍ ആരധകര്‍ക്കും ഫുട്ബോള്‍ പ്രേമികള്‍ക്കും അത്ര സന്തോഷം തരുന്നതല്ല പി.എസ്.ജിയല്‍ മെസിയുടെ സ്റ്റാറ്റ്‌സ്. സീസണ്‍ അവസാനിക്കുമ്പോള്‍ പി.എസ്.ജിക്കായി ലീഗ് വണ്ണില്‍ ആറ് ഗോളും ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് ഗോളുമാണ് മെസി ആകെ നേടിയത്.

ഫ്രഞ്ച് ലീഗില്‍ പാരിസ് ചാമ്പ്യന്‍മാരായെങ്കിലും ഏറെ പ്രതീക്ഷയോടെയെത്തിയ യു.സി.എല്ലില്‍ റൗണ്ട് ഓഫ് 16ല്‍ തോറ്റ് പുറത്താകാനായിരുന്നു ഫ്രഞ്ച് പടയുടെ വിധി. റയല്‍ മാഡ്രിഡിനോട് ഒന്നാം പാദത്തില്‍ മുന്നില്‍ നിന്നിട്ടും രണ്ടാം പാദത്തില്‍ തോറ്റായിരുന്നു പി.എസ്.ജി പുറത്തായത്.ആദ്യ പാദത്തില്‍ മെസി മിസ്സാക്കിയ പെനാല്‍റ്റി പി.എസ്.ജിയുടെ വിധിയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ട്രോളുകളും താരത്തെ തേടിയെത്തിയിരുന്നു. 2005-06 സീസണിന് ശേഷം ആദ്യമായാണ് മെസി ഒരു ലീഗില്‍ 10 ഗോളില്‍ താഴെ മാത്രം അടിക്കുന്നത്.

ഗോളടിയില്‍ താന്‍ സൃഷ്ടിച്ചെടുത്ത മുന്‍കാല സ്റ്റാന്‍ഡേര്‍ഡിലേക്കെത്തുവാന്‍ മെസിക്ക് സാധിച്ചില്ലെങ്കിലും ഗോളടിപ്പിക്കുന്നതില്‍ ഇത്തവണയും മികവ് തെളിയിച്ചിട്ടുണ്ട്. ലീഗ് വണ്ണില്‍ 14 അസിസ്റ്റുകളാണ് മെസി തന്റെ സഹതാരങ്ങള്‍ക്കായി ഇട്ടുകൊടുത്തത്.

ലീഗില്‍ കിലിയന്‍ എംബാപ്പെക്ക് (17 അസിസ്റ്റ്) ശേഷം ഏറ്റവും അസിസ്റ്റുകള്‍ നല്‍കിയത് മെസി തന്നെയാണ്.

നേരത്തെ മുതല്‍ പ്രതീക്ഷയുടെ അമിതഭാരമായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍ മെസിയില്‍ അടിച്ചേല്‍പിച്ചത്. മറഡോണക്ക് ശേഷം അര്‍ജന്റൈന്‍ ഫുട്ബോള്‍ ആരാധകര്‍ മെസിയെ ഫുട്ബോളിന്റെ ദൈവമായി വാഴ്ത്തിപ്പാടിയിരുന്നു. അവന്‍ ലോകകപ്പ് അര്‍ജ്ന്റീനയില്‍ കൊണ്ടുവരുമെന്ന് അവര്‍ ഇന്നും വിശ്വസിക്കുന്നു.

2014ലെ ലോകകപ്പ് ഫൈനലില്‍ തോറ്റപ്പോഴും രണ്ട് കോപ്പ അമേരിക്ക ഫൈനലില്‍ ഷൂട്ടൗട്ടില്‍ തോറ്റപ്പോഴും അദ്ദേഹം തളര്‍ന്ന് ഫുട്ബോളില്‍ നിന്നും വിട്ടനിന്നിരുന്നു. എന്നാല്‍ പിന്നീട് ഇതിനെയെല്ലാം തരണം ചെയത് അദ്ദേഹം തിരിച്ചുവന്നിട്ടുമുണ്ട്.

ഈ സാഹചര്യങ്ങളെല്ലാം തരണം ചെയ്ത മെസി, ഇപ്പോഴുള്ള ഫോമില്ലായ്മയും മറികടന്ന് ഉയിര്‍ത്തേഴ്ന്നെക്കുമെന്ന് തന്നെയാണ് ആരാധകരും ഫുട്ബോള്‍ ലോകവും വിശ്വസിക്കുന്നത്. കാരണം മെസി ആരാധകര്‍ക്ക് ഒരു സാധാ മനുഷ്യനല്ല, മിശിഹയാണ്.

Leave A Reply

Your email address will not be published.