വിസ്മയ കേസിൽ പ്രതി കിരണിന്റെ ശിക്ഷാവിധി ഇന്ന്

0

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയയുടെ മരണത്തിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ രാവിലെ 11 മണിയോടെ ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം ആരംഭിക്കും. ഉച്ചയോടെ വിധിയുണ്ടാകുമെന്നാണ് സൂചന.

ഏഴ് വർഷം മുതൽ ജീവപര്യന്തം തടവ്ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നിലനിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനാണെന്ന വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി.

സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും  തന്‍റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജൂണ്‍  21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് സ്ഥാപിക്കാന്‍ വിശാലമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയത്.

സാധാരണ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി  102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ്  കേസിലുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷൻ തെളിവുകളായി ഹാജരാക്കി. വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്.

2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനം നൽകിയ കാർ തനിക്ക് ഇഷ്ടപ്പെട്ടതല്ലെന്നും സ്ത്രീധനം കുറഞ്ഞ് പോയെന്നും പറഞ്ഞ് കിരൺകുമാർ വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ്. 2021 ജൂൺ 21നാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ ആദ്യം ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.