കമല്‍ഹാസന്റെ സര്‍പ്രൈസ്; അമ്പരന്നും കണ്ണ് നിറഞ്ഞും ആരാധകര്‍

0

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമാണ് കമല്‍ഹാസന്‍. അഭിനയത്തിന് പുറമേ സംവിധാനം, എഴുത്ത്, കൊറിയോഗ്രാഫി എന്നിങ്ങനെ സിനിമാ ലോകത്ത് കമല്‍ഹാസന്‍ കൈ വെക്കാത്ത മേഖലകള്‍ കുറവാണ്.

രജനീകാന്ത് ഉള്‍പ്പെടെയുള്ള പല താരങ്ങളും തങ്ങളുടെ താരപ്രഭയുടെ ചട്ടക്കൂടില്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങളില്‍ ഒതുങ്ങി പോയപ്പോള്‍ അതില്‍ നിന്നും പുറത്ത് കടന്ന് തന്റെ കഥാപാത്രങ്ങളിലും സിനിമകളിലും വൈവിധ്യം കണ്ടെത്തിയ നടനാണ് കമല്‍ഹാസന്‍.

തൊട്ടതെല്ലാം പൊന്നാക്കിയ യുവ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം വിക്രമാണ് ഇനി ആരാധകര്‍ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രം. കമലിനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മാസ്സ് എന്റര്‍ടെയ്‌നര്‍ എന്നുള്ള വിലയിരുത്തല്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു.ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പുറത്ത് വന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. കമല്‍ഹാസന്റെ കടുത്ത ആരാധകരുടെ മുമ്പിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി എത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. പലരും അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും ഞെട്ടുകയും ചെയ്യുന്നുണ്ട്. ചിലര്‍ കരയുകയും ചെയ്തു.

സോണി മ്യൂസിക് സൗത്തിലാണ് കമല്‍ഹാസന്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് കൊടുത്ത വീഡിയോ വന്നത്. മെയ് 24ന് രാവിലെയോടെ വന്ന വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്.

വരുന്ന ജൂണ്‍ മൂന്നിനാണ് വിക്രം തിയേറ്റുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തുന്നുണ്ട്. മലയാളി താരങ്ങളായ നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Leave A Reply

Your email address will not be published.