ജില്ലയുടെ പേര് മാറ്റി; ആന്ധ്രയിൽ മന്ത്രിയുടെ വീടിന് തീയിട്ടു

0

ഹൈദരാബാദ് : ആന്ധ്ര പ്രദേശിൽ കൊണസീമ ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ച് മന്ത്രിയുടെ വീടിന് തീവെച്ചു. ആന്ധ്ര ഗതാഗത വകുപ്പ് മന്ത്രി പിനിപെ വിശ്വരൂപിന്റെ വീടിനാണ് പ്രതിഷേധക്കാർ തീയിട്ടത്. കൂടാതെ സ്ഥലം എംൽഎൽയുടെ വീടിനും പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. അടുത്തിടെ ജില്ലയായി പ്രഖ്യാപിച്ച കൊണസീമയുടെ പേര് ബിആർ അംബേദ്കർ കൊണസീമ എന്ന് മാറ്റിയതിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് പ്രതിഷേധക്കാർ തീയിട്ടത്. പ്രതിഷേധത്തിൽ 20ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയുടെ പേര് മാറ്റം സംബന്ധിച്ച് അമലാപുരം നഗരത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധക്കാർ മന്ത്രിയുടെ വീടിന് തീവെച്ചത്. സംഭവ സമയത്ത് മന്ത്രിയെയും കുടുംബത്തെയും സുരക്ഷിതമായ ഇടത്തേക്ക് പോലീസ് മാറ്റിയിരുന്നു.മന്ത്രിയുടെ വീടിന് പുറമെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങളും സർക്കാർ ബസുകളും സ്കുളുകൾക്കും തീവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പോലീസുകാർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. കിഴക്കൻ ഗോദാവരി ജില്ലയുടെ ഭാഗമായിരുന്ന കൊണസീമ ഏപ്രിൽ നാലിനാണ് ജില്ലയായി പ്രഖ്യാപിക്കുന്നത്. അടുത്തിടെയാണ് ആന്ധ്ര സർക്കാർ ജില്ലയുടെ പേരിനൊപ്പം ബി.ആർ അംബേദ്കർ എന്നും കൂടി ചേർക്കുന്നതായി അറിയിച്ചത്.

Leave A Reply

Your email address will not be published.