തൃക്കാക്കരയിൽ പ്രചരണം അവസാന ഘട്ടത്തിൽ

0

തൃക്കാക്കര: തൃക്കാക്കരയിൽ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആവേശവും വാനോളമുയരുകയാണ്.സിൽവർലൈൻ പദ്ധതിയും കെ.സുധാകരന്റെ വിവാദ പരാമർശവുമൊക്കെ ഇളക്കി മറിച്ച പ്രചരണ രംഗം ഇപ്പോൾ അതിജീവിതയുടെ ആരോപണങ്ങളിലും പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിലും തട്ടി നിൽക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ അതിജീവിത അന്വേഷണ സംഘത്തിനും സർക്കാരിനും എതിരെ രംഗത്ത് എത്തിയത് ഇടത് മുന്നണിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.ഭരണ മുന്നണിയിലെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും അതിനാൽ കോടതി ഇടപെടണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ വീണു കിട്ടിയ ആയുധമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നാണ് എല്ലാ പ്രചരണ യോഗങ്ങളിലും യുഡിഎഫ് നേതാക്കൾ ആവർത്തിച്ച് പറയുന്നത്.

 

അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്നു എന്ന് ആവർത്തിക്കുമ്പോഴും സർക്കാരിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കൂടിയാണ് ഇടത് മുന്നണിക്ക് മേൽ വന്ന് ചേർന്നിരിക്കുന്നത്. അതിജീവിത തെരഞ്ഞെടുപ്പ് കാലത്ത് പരാതിയുമായി വന്നതിൽ ദുരൂഹയുണ്ടെന്ന വാദമുയർത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിരോധത്തിന് തുടക്കമിട്ടത്. കേസ് അട്ടിമറിച്ചത് ആരാണെന്ന് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സർക്കാർ അതിജീവിതക്ക് ഒപ്പമാണെന്ന് കോടിയേരി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഓരോ ഘട്ടവും വിവരിച്ച് കൊണ്ടായിരുന്നു തൃക്കാക്കരയിലെ പ്രചരണ യോഗത്തിൽ മുഖ്യമന്ത്രി സംസാരിച്ചത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പോലീസിന് കൈ വിറച്ചിട്ടില്ലെന്നും അതിജീവിതക്ക് നീതി ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിസ്മയ കേസിലെ വിജയം ഉയർത്തിക്കാട്ടിയും ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചു.കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായത് തൃക്കാക്കര മണ്ഡലത്തിലാണ്. വിഷയം ഉയർത്തികൊണ്ട് വരുന്നതിൽ നിർണായക പങ്ക് വഹിച്ച ആളായിരുന്നു പി.ടി. തോമസ്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന ആരോണവും പ്രചരണവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. ആ അപകടം മുന്നിൽ കണ്ട് തന്നെയാണ് പ്രതിരോധിക്കാൻ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നതും.

 

പോപ്പുലർ ഫ്രണ്ട് ജാഥയിലെ വിദ്വേഷ പ്രസംഗവും തൃക്കാക്കരയിൽ പ്രചരണ രംഗത്ത് നിറഞ്ഞ് നിൽക്കുകയാണ്. സർക്കാരിനെ അടിക്കാനുള്ള വടിയായി തന്നെയാണ് പ്രതിപക്ഷം ഈ വിഷയത്തെയും കാണുന്നത്. വർഗ്ഗീയ വാദികൾ നടത്തുന്ന എല്ലാ പ്രവർത്തനത്തിനും സർക്കാർ കൂട്ടുനിൽക്കുന്നു എന്നും വിദ്വേഷ പ്രസംഗം നടത്താൻ വർഗ്ഗീയ സംഘടനകൾക്ക് ധൈര്യം നൽകുന്നത് പിണറായി സർക്കാരിന്റെ ക്രൂരമായ അടവ് നയമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ വർഗ്ഗീയ സംഘടനകൾക്കെതിരെ എന്നും സന്ധിയില്ലാത്ത പോരാട്ടം നടത്തിയിട്ടുള്ളത് ഇടത് പക്ഷമാണെന്ന മറുവാദവുമായി സിപിഎമ്മും രംഗത്തുണ്ട്.

 

 

Leave A Reply

Your email address will not be published.