കോണ്‍ഗ്രസ് വിട്ടുപോകുന്നവരെ ആക്ഷേപിക്കാനില്ല; പാര്‍ട്ടിയില്‍ പൂര്‍ണമായി അഴിച്ചുപണിയുണ്ടാകും: കെ.സി. വേണുഗോപാല്‍
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
പാര്‍ട്ടി വിട്ടുപോകുന്നവരെ ആക്ഷേപിക്കാനില്ലെന്നും പാര്‍ട്ടിയില്‍ പൂര്‍ണമായി അഴിച്ചുപണിയുണ്ടാകുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
‘ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് പോകും, മറ്റ് ചിലര്‍ പാര്‍ട്ടിയിലേക്ക് വരും. സമഗ്രമായ പുനസംഘടനയുമായിട്ടാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുക,’ അദ്ദേഹം പറഞ്ഞു.
അതേസമയം കപില്‍ സിബല്‍ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.
മെയ് 16ന് കോണ്‍ഗ്രസ് വിട്ടെന്ന് സിബല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റില്‍ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തര്‍പ്രദേശില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്.പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപില്‍ സിബലിന് നല്‍കിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആര്.എല്‍.ഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.
ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഞാന്‍ രാജ്യത്ത് എല്ലായ്പ്പോഴും സ്വതന്ത്ര ശബ്ദമാകാന്‍ ആഗ്രഹിക്കുന്നു.
ഒരു സ്വതന്ത്ര ശബ്ദമാകുക എന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ മോദി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ഒരു സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ തിരുത്തല്‍ വാദി സംഘത്തില്‍(ജി 23)പ്പെട്ട കപില്‍ സിബല്‍ ദീര്‍ഘനാളായി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരിലും സിബല്‍ പങ്കെടുത്തിരുന്നില്ല.