ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഹവാല ഇടപാട്; കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം

0

ന്യൂ ഡൽഹി : ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഹവാല ഇടപാട് നടത്തിയ കേസിൽ കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് എൻഐഎ കോടതി. കൂടാതെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് പത്ത് വർഷം തടവും പതിനായിരം രൂപയും കോടതി വിധിച്ചുയെന്ന് കേസിലെ അമിക്കസ്ക്യൂരി അഖണ്ഡ പ്രതാപ് സിങ് പറഞ്ഞു. വിഘടനവാദി നേതാവിന് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, കശ്മീരിലെ സമാധാനം തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യാസിൻ മാലിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ മെയ് 19ന് മാലിക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശേഷം പിഴ ഈടാക്കുന്നതിന് പ്രതിയുടെ സാമ്പത്തിക സ്ഥിതിവിവരങ്ങൾ പരിശോധിക്കാൻ എൻഐഎയോട് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

താൻ കഴിഞ്ഞ 28 വർഷമായി തീവ്രവാദ പ്രവർത്തനം നടത്തിയെന്ന് ഇന്ത്യൻ ഇന്റിലിജെന്റ്സ് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിച്ച് തൂക്ക് കയർ തന്നാൽ അത് സ്വീകരിക്കുമെന്ന് യാസിൻ മാലിക്ക് കോടതിയിൽ പറഞ്ഞുയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോടായി പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനുള്ള ഉത്തരവാദി യാസിൻ മാലിക്കാണെന്നും ആ കാരണത്താൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് എൻഐഎക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. നേരത്തെ മെയ് 10ന് മാലിക്കിനെതിരെ ചുമത്തിയ ഹവാല ഇടപാട്, തീവ്രവാദ പ്രവർത്തനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രതി കോടതിയിൽ നിഷേധിച്ചിരുന്നു. കശ്മീർ താഴ്വരയിൽ അശാന്തി സൃഷ്ടിക്കാൻ ലഷ്കർ-ഇ-തയ്ബ, ഹിസ്ബുൾ മുജാഹിദീൻ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്, ജെയ്ഷ-ഇ-മുഹമ്മദ് തുടങ്ങിയ സംഘടനങ്ങൾക്ക് ഹവാല ഇടപാട് നടത്തിയെന്നാണ് മാലിക്കിനെതിരായിട്ടുള്ള കേസ്.

 

Leave A Reply

Your email address will not be published.