പോലീസുകാരൻ മോശമായി പെരുമാറി; അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

0

കൊച്ചി: കേരള പോലീസിൽ നിന്ന് നേരിട്ട മോശമായ അനുഭവത്തെ കുറിച്ച് നടി അർച്ചന കവി പങ്കുവെച്ച കുറിപ്പിൽ പോലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. രാത്രി ഓട്ടോയിൽ യാത്രചെയ്യവേ നടി അർച്ചന കവിയോടും സുഹൃത്തുക്കളോടും പോലീസ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ വി.എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാർശ ചെയ്തു. റിപ്പോർട്ട് കൊച്ചി കമ്മീഷണർക്ക് കൈമാറുകയും ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പോലീസ് മോശമായി പെരുമാറിയെന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നടി വ്യക്തമാക്കിയത്. കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പോലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി ആരോപിച്ചത്. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതെന്നും നടി പ്രതികരിച്ചിരുന്നു.നടി പരാതി നൽകിയില്ലെങ്കിലും പോലീസ് ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. അതേസമയം നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയില്ല എന്നായിരുന്നു ഇൻസ്പെക്ടർ വി.എസ്.ബിജു നൽകിയ വിശദീകരണം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവു വിവരങ്ങൾ മാത്രമാണ് ആരാഞ്ഞതെന്ന് ഇൻസ്പെക്ടർ മട്ടാഞ്ചേരി എസിപിക്ക് വിശദീകരണം നൽകിയിരുന്നു.

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?
ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് ഓട്ടോയിൽ തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ
തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു.  ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. വളരെ പരുക്കന്‍ ഭാഷയിലാണ് അവർ പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്.

Leave A Reply

Your email address will not be published.