ടിപ്പു സുൽത്താൻ കൊട്ടാരം നിർമ്മിച്ചത് ക്ഷേത്രഭൂമിയിൽ, തിരികെ നൽകണം; വിചിത്ര വാദവുമായി വീണ്ടും ഹിന്ദുത്വ വാദികൾ
ബെംഗളൂരു: ഗ്യാൻവാപിക്ക് പിന്നാലെ ചരിത്രസ്മാരകങ്ങളെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികൾ. ക്ഷേത്രഭൂമി കയ്യേറിയാണ് ടിപ്പു സുൽത്താൻ കൊട്ടാരം നിർമിച്ചതെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു. ഇതിന് പിന്നാലെയാണ് സർവേ നടത്തണമെന്ന ആവശ്യം ഉയർന്നത്.
വാരണാസിയിലെ ഗ്യാൻവാപി പള്ളിയ്ക്കും, ചരിത്രസ്മാരകമായ കുത്തബ് മിനാറിനും പിന്നാലെയാണ് ടിപ്പു സുൽത്താൻ കൊട്ടാരത്തെ വേട്ടയാടാൻ ഹിന്ദുത്വ വാദികൾ രംഗത്തെത്തിയിരിക്കുന്നത്.
ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. മുമ്പ് ഈ സ്ഥലം കോട്ടെ വെങ്കിട്ടരമണ സ്വാമി ക്ഷേത്രത്തിന്റെ വകയായിരുന്നു. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ഇത് കൈയേറ്റം ചെയ്യപ്പെടുകയായിരുന്നുവെന്നും ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ ആരോപിച്ചു.
വാരണാസി ഗ്യാൻവാപി മസ്ജിദിനും കുത്തബ് മിനാറിനുമെതിരെ സമാന ആരോപണങ്ങളുമായാണ് ഹിന്ദുത്വ വാദികൾ രംഗത്തെത്തിയിരുന്നത്. വാരണാസി ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ ചുമരുകളിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളിൽ നിന്നായിരുന്നു ഗ്യാൻവാപി കേസിന്റെ തുടക്കും. ഹരജി പരിഗണിച്ച വാരണാസി കോടതി പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകുകയായിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് മസ്ജിദ് കമ്മിറ്റി ഹരജി നൽകിയിരുന്നു.
കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി വലതുപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് വിനോദ് ബൻസാൽ കുത്തബ് മിനാർ യഥാർത്ഥത്തിൽ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്ത് ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് സ്മാരകം നിർമിച്ചെതന്നും ആരോപിച്ചിരുന്നു.ആരോപണങ്ങൾക്ക് പിന്നാലെ കുത്തബ് മിനാറിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ നടത്തുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും കേന്ദ്ര സാംസ്കാരിക മന്ത്രാലയം വാർത്ത തള്ളിയിരുന്നു.