വ്യാജവീഡിയോയിൽ യുഡിഎഫിന് പങ്കില്ല… സത്യം കണ്ടെത്തിയാൽ വാദി പ്രതിയാകും; നീചമായ സൈബറാക്രമണം സിപിഎം ശൈലി: വിഡി സതീശൻ

0

കൊച്ചി:എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതില്‍ യു.ഡി.എഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ചവറയില്‍ നിന്നും അറസ്റ്റ് ചെയ്തത് സി.പി.എമ്മുകാരനെയാണ്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല, വീഡിയോ ഉണ്ടാക്കി അപ് ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാകും. തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വൈകാരികമായ വിഷയം ഉണ്ടാക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നല്ലതാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കുടുംബത്തേയും നീചമായി ആക്രമിച്ചത് സി.പി.എം സൈബര്‍ ഗുണ്ടകളാണ്. ഇതിനെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതും സി.പി.എം സൈബര്‍ സംഘങ്ങളാണ്. സാംസ്‌കാരിക പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചതും സി.പി.എമ്മുകാരാണ്.

പ്രതിപക്ഷ നേതാവായ എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ജാമ്യത്തില്‍ വിട്ടത്. സമൂഹമാധ്യമങ്ങളില്‍ യു.ഡി.എഫ് നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കെ റെയിലിന് എതിരെ സംസാരിച്ച റഫീഖ് അഹമ്മദും കാരശേരിയും ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും അധിക്ഷേപിച്ച സൈബര്‍ സംഘങ്ങള്‍ സി.പി.എമ്മിന് സ്വന്തമായുണ്ട്. അവര്‍ക്കാണ് ഈ പണി നന്നായി അറിയാവുന്നത്. അതുകൊണ്ട് ഈ പണിയുമായി ഇങ്ങോട്ട് വരേണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

സി.പി.എം നേതാക്കള്‍ക്കും സ്ഥാനാര്‍ഥിക്കും മാത്രമല്ല കുടുംബമുള്ളത്. ഉമ്മന്‍ ചാണ്ടിക്കും കുടുംബമുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കുടുംബമുണ്ട്. വീണാ ജോര്‍ജിനെ എതിരെ എഴുതിയപ്പോഴും മുഖ്യമന്ത്രിക്കെതിരെ എഴുതിയപ്പോഴും പ്രതികളെ റിമാന്‍ഡ് ചെയ്തല്ലോ. പ്രതിപക്ഷ നേതാവ് പരാതി കൊടുത്തപ്പോള്‍ കേസെടുക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഇത് ഇരട്ടത്താപ്പാണ്. ഇപ്പോള്‍ പവിത്രത ചമഞ്ഞ് വരികയാണ്. ഇപ്പോള്‍ വൈകാരികമാക്കി എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ്.

ആദ്യം ഉമ തോമസ് ബി.ജെ.പി വോട്ട് ചോദിച്ചെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അത് ഏറ്റുപിടിച്ച മുഖ്യമന്ത്രിയോട് സഹതാപം മാത്രമെയുള്ളൂ. ഇത്തരത്തില്‍ ഓരോ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം ബി.ജെ.പിയുമായി ധാരണയുണ്ടക്കുന്നത് സി.പി.എമ്മാണ്. പി.സി ജോര്‍ജിനെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍,കോടതി ഇടപെട്ട് അറസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ നോക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് ചെയ്യാത്തത്.

വര്‍ഗീയ സംഘര്‍ഷം നടക്കുന്ന ആലപ്പുഴയില്‍ പ്രകടനം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടിന് അനുവാദം നല്‍കിയത് സര്‍ക്കാരാണ്. കുളം കലക്കി മീന്‍പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിന് കേരളം വലിയ വില കൊടുക്കേണ്ടിവരും. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. വര്‍ഗീയ വാദികളുടെ തിണ്ണനിരങ്ങാന്‍ യു.ഡി.എഫ് പോകില്ലെന്നു പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആലപ്പുഴ സംഭവത്തില്‍ പ്രതികരിക്കാന്‍ തയാറായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിനും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ തയാറായില്ലല്ലോ. എ.കെ ആന്റണിയെ പോലുളള നേതാവ് പത്രസമ്മേളനം നടത്തിയപ്പോള്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നത് പോലെയാണല്ലോ ചോദിച്ചത്. ഇങ്ങനെ പിണറാടയിയോട് ചോദിക്കാന്‍ നിങ്ങളുടെ മുട്ട് വിറയ്ക്കും. പിണറായിക്ക് മുന്നില്‍ ഭയന്നാണ് പല മാധ്യമപ്രവര്‍ത്തകരും നില്‍ക്കുന്നത്. യു.ഡി.എഫ് നേതാക്കളോട് എന്തുമാകാമെന്ന ഭാവമാണെന്നും പ്രതിപക്ഷ നേതാവ് പഞ്ഞു.

 

Leave A Reply

Your email address will not be published.