കൊച്ചി: ആലുവയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും നിർത്തിയിട്ട ബസ് മോഷ്ടിച്ചു. സർവീസിനായി നിർത്തിയിട്ടിരുന്ന ബസാണ് മോഷ്ടിച്ചത്. കോഴിക്കോട് ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസ് ഡീസൽ അടിച്ച ശേഷം നീക്കിയിട്ടപ്പോഴാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം നടന്നത്. എന്നാൽ ബസ് സ്റ്റാൻഡിലുള്ളവർ ആദ്യം മെക്കാനിക്ക് ബസ് സർവീസിനായി എടുത്തുവെന്നാണ് കരുതിയത്.
തുടർന്ന് എറണാകുളം നോർത്ത് പോലീസ് ബസും മോഷ്ടാവിനെയും പിടികൂടി. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. മോഷ്ട്ടിച്ച ബസുമായി പോകുന്നതിനിടയിൽ ബസ് നിരവധി തവണ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചിരുന്നു. ബസുമായി കടക്കുന്നതിനിടയിൽ ആദ്യം സർക്കാർ ആശുപത്രി പരിസരത്ത് മറ്റൊരു വണ്ടിയിൽ ഉരസി. എന്നാൽ ബസ് നിർത്തിയില്ല.
ഇതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ബസ് മോഷണം പോയതാണെന്ന് അറിയുന്നത്. തുടർന്ന് ബസിനെ പിന്തുടർന്ന പൊലീസ് ഉദ്യോഗസ്ഥർ കലൂരിൽ വച്ച് ബസ് പിടികൂടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലാണ് മോഷ്ടാവ് ബസ്സ്റ്റാൻഡിൽ എത്തിയത്.