കനകക്കുന്നിലേക്ക് പോരൂ ; എല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ‘എന്റെ കേരളം’ മെഗാ മേള

0

ജില്ലയിലെ വിവിധ സംരംഭകരുടെ ഉത്പന്നങ്ങളും സർക്കാർ സേവനങ്ങളും അണിനിരത്തി കനകക്കുന്നിൽ വെള്ളിയാഴ്ച ആരംഭിച്ച ‘എന്റെ കേരളം’ മെഗാ മേളയിൽ ആഘോഷ നിറവ്. കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് മോചിതമായി വരുന്ന നഗര-ഗ്രാമ ജീവിതങ്ങൾക്ക് പുതുജീവൻ പകരുന്നതാണ് പ്രദർശനം. വിവിധ വകുപ്പുകളുമായി ചേർന്ന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻ വകുപ്പും ജില്ല ഭരണ സംവിധാനവുമാണ് പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്. ‘എന്റെ കേരളം’ പ്രദർശന – വിപണന – സേവന മേളയിൽ 150 സ്റ്റാളുകളിലായി വിവിധ ഉത്പന്നങ്ങൾ വാങ്ങാം.

പൊതുജനങ്ങൾക്ക് സൗജന്യമായി തത്സമയ സേവനങ്ങൾ നൽകുന്നതിന് പതിനഞ്ചോളം വകുപ്പുകൾ ഒരുക്കുന്ന 20 ഓളം സേവന സ്റ്റാളുകൾ, സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദർശന സ്റ്റാളുകൾ, ചെറുകിട സംരംഭകരുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാങ്ങാൻ കഴിയുന്ന 150 ഓളം വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ഭാഗമാകും. മേളയിലേക്കുള്ള പ്രവേശനം രാവിലെ 10 മുതൽ വൈകീട്ട് 10 വരെയായിരിക്കും. വൈകീട്ട് ആറ് വരെയായിരിക്കും സേവന സ്റ്റാളുകളുടെ പ്രവർത്തനം.പൂർണമായും ശീതീകരിച്ച സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

അലങ്കാര വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിപുലമായ ശേഖരവുമുണ്ട്. മുള, ഈറ്റ, ചിരട്ട തുടങ്ങിയ ജൈവ വസ്തുക്കളാൽ നിർമ്മിച്ച കരകൗശല വസ്തുക്കളും പാചക സഹായ ഉപകരണങ്ങളും ആദ്യ ദിനം തന്നെ ജനശ്രദ്ധ ആകർഷിച്ചു. ചെറുകിട സംരംഭകർ തയ്യാറാക്കിയ ശുദ്ധമായ വെളിച്ചെണ്ണ, തേൻ, കൂണ് വിഭവങ്ങൾ, പലഹാരങ്ങൾ എന്നിവ വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ക്യാൻവാസിലും വിവിധ അലങ്കാര ഉത്പന്നങ്ങളിലും ചെയ്ത മ്യൂറൽ ചിത്രങ്ങൾ മേളയുടെ മറ്റൊരു ആകർഷണമാണ്. ബാലരാമപുരം കൈത്തറി,ഖാദി വസ്ത്രങ്ങളുടെയും പ്രാദേശികമായി നിർമ്മിച്ച വിവിധ അഭരണങ്ങളുടെ വിൽപനയും മേളയിൽ ഉൾപ്പെടുന്നു. സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും പൊതുജനങ്ങൾക്ക് ന്യായമായ നിരക്കിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

(മെയ് 28).

കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴ് മണിക്ക് സമീർ ബിൻസിയും സംഘവും അവതരിപ്പിക്കുന്ന ‘സൂഫി സംഗീതം’. പ്രവേശനം സൗജന്യം

Leave A Reply

Your email address will not be published.