സൈനിക വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം 7 സൈനികർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

0

ന്യൂ ഡൽഹി : ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഏഴു സൈനികർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വാഹനം ഷ്യോക് നദിയിലേക്കു മറഞ്ഞതാണ് അപകടകാരണം.  ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. മരിച്ചവരിൽ മലയാളി സൈനികനും ഉണ്ട്. പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ചത്. കരസേനയിൽ ലാൻസ് ഹവീൽദാറാണ് മുഹമ്മദ് ഷൈജൽ.

മറ്റ് നിരവധി ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അവർ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആകെ 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് സൈനികരെ രക്ഷിച്ചത്. 26 സൈനികരടങ്ങുന്ന ഒരു സംഘം പർതാപൂരിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്ടർ ഹനീഫിലെ ഒരു ഫോർവേഡ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

Leave A Reply

Your email address will not be published.