പെട്രോള്‍ ലിറ്ററിന് 179 രൂപ, ഡീസല്‍ 174 രൂപ;’നമ്മള് അല്ല, നിങ്ങള്‍’; ഇന്ധന വില വര്‍ധനവില്‍ ഇമ്രാന് ഖാനെ പഴിച്ച് ഷെഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചതില്‍ വിശദീകരണവുമായി പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് എണ്ണവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് വാദം. രാജ്യം സാമ്പത്തികമായി തകരാതിരിക്കാന്‍ ഈ നീക്കം അനിവാര്യമായിരുന്നെന്നും ഷെഹബാസ് വാദിച്ചു.
പാകിസ്ഥാന് ഇന്നനുഭവിക്കുന്ന കടബാധ്യത, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവക്ക് കാരണം നേരത്തെ ഭരിച്ചിരുന്ന ഇമ്രാന് ഖാന് സര്‍ക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രാജ്യത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില ലിറ്ററിന് 30 രൂപ വര്‍ധിപ്പിച്ചത്. പുതുക്കിയ വില പ്രകാരം രാജ്യത്ത് പെട്രോളിന് ലിറ്ററിന് 179.85 രൂപയും ഡീസലിന് 174.15 രൂപയുമാണ് വില. മണ്ണെണ്ണക്ക് 155.95 ആയും ഉയര്‍ന്നു.
അതേസമയം കടുത്ത ദുഖത്തോടെയാണ് എണ്ണ വില വര്‍ധിപ്പിച്ചതെന്നും ഗ്ലോബല്‍ മാര്‍ക്കറ്റിലെ വില വര്‍ധനവ് കാരണം വേറെ മാര്‍ഗങ്ങളില്ലായിരുന്നെന്നും ഷെഹബാസ് പറഞ്ഞു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും അസിസ്റ്റന്‍സ് പാക്കേജുകള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് വില വര്‍ധിപ്പിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ എല്ലാ പ്രതിസന്ധിക്കും കാരണം ഇപ്പോഴത്തെ ഷെഹബാസ് സര്‍ക്കാരല്ലെന്നും മറിച്ച് ഇമ്രാന് ഖാന് സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
”നിങ്ങളാണ് ഐ.എം.എഫുമായി കരാറുണ്ടാക്കിയത്, നമ്മളല്ല. നിങ്ങളാണ് അവരുടെ കടുത്ത നിബന്ധനകള്‍ അംഗീകരിച്ചത്, ഞങ്ങളല്ല.
നിങ്ങളാണ് ജനങ്ങളെ വിലക്കയറ്റങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിപ്പിക്കുന്നത്, ഞങ്ങളല്ല. നിങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്, ഞങ്ങളല്ല,” ,ഷെഹബാസ് ഷെരീഫ് പറഞ്ഞു.കഴിഞ്ഞ മാസം അധികാരമേറ്റ ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഷെഹബാസ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിച്ചത്.