ധർമ്മൂസ് ഫിഷ് ഹബ്ബിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു, ഫ്രാഞ്ചസി മറ്റൊരാളുടെയെന്ന് ധർമ്മജൻ

0

കോട്ടയം: നടന്‍ ധര്‍മ്മജൻ ബോൾഗാട്ടിയുടെ ഉടമസ്ഥതയിലെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും 200 കിലോ പഴകിയ മത്സ്യം  പിടിച്ചെടുത്തു.  ഫിഷറീസ് ഭക്ഷ്യ സുരക്ഷ വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കോട്ടയം കഞ്ഞിക്കുഴിയിലുള്ള സ്ഥാപനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിനോട് പിഴയടക്കാന്‍ നോട്ടീസ് നല്‍കി.സംഭവത്തില്‍, ഫ്രാഞ്ചൈസിയുടെ പേര് വെച്ച്‌ മറ്റ് ചില‍‍ര്‍ നടത്തുന്ന പഴകിയ മത്സ്യ വില്‍പ്പനയാണ് കാരണമെന്നാണ് ധർമ്മൂസ് ഫിഷ് ഹബ്ബ് ഉടമയായ ധ‍ര്‍മ്മജന്‍ പ്രതികരിച്ചത്. ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചെസികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്-അദ്ദേഹം പറഞ്ഞു.

ധര്‍മൂസ് ഫിഷ് ഹബ്ബ് എത്തിക്കാത്ത മീനും ഫ്രാഞ്ചൈസിയുടെ പേര് വെച്ച്‌ ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ധർമ്മജൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍, വില്‍പ്പന നടത്തുന്നവരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കുമെന്നും ധ‍‍ര്‍മ്മജന്‍ പറഞ്ഞു

സംസ്ഥാനത്ത് ഇത് വരെ ഭക്ഷ്യ സുരക്ഷാ വകുപ്പിൻറെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലർത്തിയതുമായ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 114 പേര്‍ക്കാണ് ഇത് വഴി നോട്ടീസ് നല്‍കിയത്. ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ, ഹോട്ടലുകളിൽ,ബേക്കറികളിൽ അടക്കവും പരിശോധനകൾ നടക്കുന്നുണ്ട്.

കാസർകോട് ഷവർമ്മ കഴിച്ച് കുട്ടി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ ശക്തമാക്കിയത്. അതിന് പിന്നാലെ തൃശ്ശൂർ എഞ്ചിനിയറിംഗ് കോളേജിലെ കുട്ടികൾക്ക് ഷിഗെല്ല കൂടി സ്ഥിരീകരിച്ചതോടെ പരിശോധന വീണ്ടും ശക്തമാക്കിയിട്ടുണ്ട്. കാസർകോട് മരിച്ച കുട്ടിക്കും ഷിഗെല്ലയാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.