ഞാന്‍ ‘ആരംഭിക്കാലാമാ’ എന്ന് ചോദിച്ചിട്ട് 50 കൊല്ലമായി : ഇന്നും മാറാതെ ആ സ്നേഹം എന്നോട് കാണിക്കുന്ന നിങ്ങള്‍ക്കുള്ള സമര്‍പ്പണമാണ് വിക്രം; കമല്‍ ഹാസന്‍

0

ലോകേഷും ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം ജൂണ്‍ മൂന്നിനാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലാണ് ഇവന്റുകള്‍ നടക്കുന്നത്. മേയ് 27 ന് കൊച്ചി ലുലു മാളില്‍ നടന്ന ഇവന്റില്‍ മലയാളികളോട് മനസ് തുറക്കുകയാണ് കമല്‍ ഹാസന്‍.

‘ഞാന്‍ ആരംഭിക്കാലാമാ എന്ന് ചോദിച്ചിട്ട് 45-50 കൊല്ലമായി. ഇന്നും എന്നോട് ആ സ്‌നേഹം മാറാതെ കാണിക്കുന്ന നിങ്ങള്‍ക്കുള്ള എന്റെ സമര്‍പ്പണമാണ് വിക്രം’ എന്നാണ് കമല്‍ ഹാസന്‍ കൊച്ചി ഇവന്റില്‍ പറഞ്ഞത്.

വിക്രം സിനിമയുമായി ബന്ധപ്പെട്ട അടുത്ത ഇവന്റ് 28 ന് ബിഗ് ബോസ് മലയാളത്തിലാണ് നടക്കുക ഇതേ ദിവസം തന്നെ മുംബൈയിലും പ്രൊമോഷന്‍ ഇവന്റ് നടക്കും. 29 ന് മലേഷ്യയിലെ ക്വലാലമ്പൂരിലും, 31 ന് ഹൈദരാബാദിലും പ്രൊമോഷന്‍ ഇവന്റുകള്‍ ഉണ്ടാകും. ജൂണ് 1 ന് ഇവന്റ് നടക്കുക ദുബായിലെ ബുര്‍ജ് ഖലീഫയിലാണ്.

വന്‍താര നിര അണിനിരക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

Leave A Reply

Your email address will not be published.