ഹോം ജൂറി കണ്ട് കാണില്ല, കാണരുതെന്ന് താത്പര്യമുള്ള ആരെങ്കിലുമുണ്ടാവും-അവാർഡ് വിവാദത്തിൽ ഇന്ദ്രൻസ്

0

പത്തനംതിട്ട:  സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്നും ഹോം സിനിമയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ഇന്ദ്രൻസ്. നിർമ്മാതാവ് വിജയ് ബാബുവുമായി ബന്ധപ്പെട്ട കേസ് സിനിമക്ക് ഒരു തരത്തിലുമുള്ള പരാമർശമുണ്ടാവാതിരിക്കാൻ കാരണമായോ എന്ന ചോദ്യത്തിന് പലരും ഇതൊരു കാരണമാക്കി ആയുധമാക്കി വെച്ചിട്ടുണ്ടാവും എന്നാണ് ഇന്ദ്രൻസ് നൽകിയ മറുപടി.

കുടുംബത്തിൽ ആരെങ്കിലും ഒരാൾ കുറ്റം ചെയ്താൽ കുടുംബക്കാരെ എല്ലാവരെയും പിടിച്ചോണ്ട് പോകുമോ എന്നും ഇന്ദ്രൻസ് ചോദിച്ചു. വിജയ് ബാബുവിനെതിരെയുള്ള കേസിൽ തന്നെ വന്നത് ആരോപണമാണ്. അതിൽ വിധി ഒന്നും വന്നിട്ടില്ല. കേസിൽ വിജയ് ബാബു നിരപരാധിയാണെങ്കിൽ ജൂറി പിന്നീട് വിളിച്ച് നിലപാട് തിരുത്തുമോ എന്നും ഇന്ദ്രൻസ് ചോദിച്ചു.

ചിത്രം ജൂറി കണ്ട് കാണില്ലെന്ന് ഉറപ്പാണ്. കണ്ടവർ പലരും ചിത്രത്തിന് അവാർഡ് കിട്ടാത്തതിൽ വിഷമം അറിയിച്ചു. ജനങ്ങൾ തരാനുള്ള അവാർഡ് തന്നിട്ടുണ്ട്. ചിത്രത്തിന് അവാർഡ് കിട്ടാത്തതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച സിനിമയായി ജൂറി തിരഞ്ഞെടുത്തത് ഹോം ആണെന്ന രീതിയിലുള്ള സൂചനകളായിരുന്നു ആദ്യം ലഭിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സിനേയും നടിയായി മഞ്ജു പിള്ളയേയും ഈ സിനിമയിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്തിരുന്നു എന്ന രീതിയിലും സൂചനകളുമുണ്ടായിരുന്നു.

എന്നാല്‍ വിജയ് ബാബു പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് തീരുമാനം മാറ്റിയത് എന്നാണ് വിവരം

Leave A Reply

Your email address will not be published.