പരസ്യപ്രചാരണം നാളെ അവസാനിക്കും.ഇഞ്ചോടിഞ്ച് പോരാട്ടം

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും.കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍.
അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്‍ഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എന്‍ഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തില്‍ എത്തും.

വിവിധ വിഷയങ്ങളില്‍ ഇന്നും നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരും. അടിയൊഴുക്ക് ഉണ്ടാകുമോയെന്ന് ഒരേ സമയം പ്രതീക്ഷയും ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്. ഇടത് വോട്ടുകള്‍ക്കൊപ്പം കാലകാലങ്ങളായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കുക, മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുക, ട്വന്റി ട്വന്റി വോട്ടുകളില്‍ ഒരു വിഭാഗം കൈക്കലാക്കുക തുടങ്ങിയവയാണ് ഇടത് തന്ത്രം. ഇതുറപ്പിക്കാനുള്ള അവസാന വട്ട പരിശ്രമത്തിലാണ് മുന്നണി.

ജോ ജോസഫിനായി, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ അടക്കമുള്ള നേതാക്കളും വി.ശിവന്‍കുട്ടി,കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, ആന്റണി രാജു ഉള്‍പ്പടെയുള്ള മന്ത്രിമാരും ഇന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കും.യുഡിഎഫിനായി കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ തൃക്കാക്കരയില്‍ കേന്ദ്രീകരിക്കും. അഭിമാന പോരാട്ടത്തില്‍ 5000ഓ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷം ഉമ തോമസിന് ലഭിച്ചാല്‍ അത് ജയമായി പോലും കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കിയുള്ള കണിശമായ പ്രവര്‍ത്തനത്തിലാണ് യുഡിഎഫ് ക്യാമ്പ്. വീടു കയറി ഓരോ വോട്ടും വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ കളത്തിലുണ്ട്. എന്‍ഡിഎക്കായി താര പ്രചാരകരെത്തും. എ.എന്‍ രാധാകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ച് 12 കേന്ദ്രങ്ങളില്‍ ഇന്ന് സുരേഷ് ഗോപി പ്രസംഗിക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും മണ്ഡലത്തിലെത്തും. വൈകുന്നേരത്തോടെ മണ്ഡലത്തിലെത്തുന്ന വിവാദ നായകന്‍ പി.സി ജോര്‍ജ് നയിക്കുന്ന റോഡ് ഷോ നാളെ തൃക്കാക്കരയെ ഇളക്കി മറിക്കുമെന്ന് എന്‍ഡിഎ ക്യാമ്പ് കണക്ക് കൂട്ടുന്നു. ഒപ്പം അവസാന വട്ട കൂട്ടലും കിഴിക്കലുമായി കെ.സുരേന്ദ്രനും, പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും മണ്ഡലത്തില്‍ സജീവമാണ്.മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂണ്‍ 3നാണ് വോട്ടെണ്ണല്‍.

Leave A Reply

Your email address will not be published.