ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം, ജൂറിയോട് വിശദീകരണം ചോദിക്കില്ല, വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

0

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം എന്ന സിനിമയെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പുരസ്കാരങ്ങൾ ആർക്കൊക്കെ നൽകണം എന്ന് നിർണയിക്കുന്നതിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. എല്ലാ സിനിമകളും ജൂറി കണ്ടുവെന്നാണ് പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും സജി ചറിയാൻ പറഞ്ഞു.

അതേസമയം അവാർ‍ഡ് നിർണയത്തിൽ സർക്കാർ ഇടപെടലുണ്ടായി എന്ന ആരോപണം മന്ത്രി തള്ളി. ഒരു ചിത്രം നല്ലതോ മോശമോ എന്ന് പറയേണ്ടത് താനല്ല എന്നും മന്ത്രി പറഞ്ഞു. നല്ല അഭിനയത്തിനുള്ള അവാർഡ് നൽകേണ്ടത് സർക്കാരിനാണെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനയോടും മന്ത്രി പ്രതികരിച്ചു. നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാൻ കഴിയൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്ത തവണ കോൺഗ്രസ് നേതാക്കളെ പരിഗണിക്കാമെന്നും ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വയ്ക്കാമെന്നും മന്ത്രി സജി ചെറിയാൻ പരിഹസിച്ചു.

ജൂറി ചെയർമാനും സംഭവത്തിൽ പ്രതികരിച്ചിരുന്നു. എല്ലാം ജൂറി അംഗങ്ങളും ‘ഹോം’ സിനിമ കണ്ടുവെന്നും വിവാദം അനാവശ്യമാണെന്നും സയ്യിദ് മിർസ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്നും ഹോം സിനിമയെ ഒഴിവാക്കിയതിൽ പരസ്യ പ്രതികരണവുമായി ഇന്ദ്രൻസ് രം​ഗത്തെത്തിയിരുന്നു. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും ‘ഹോം’ സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചുവന്നുമായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. ഹോം സിനിമ ജൂറി കണ്ട് കാണില്ലെന്നും ഇന്ദ്രൻസ് പറ‍ഞ്ഞു. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാമെന്നം വിജയ് ബാബുവിനെതിരായ കേസും അതിനൊരു കാരണമായിട്ടുണ്ടാകാമെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. കേസിൽ വിജയ് ബാബു നിരപരാധിയാണെങ്കിൽ ജൂറി പിന്നീട് വിളിച്ച് നിലപാട് തിരുത്തുമോ എന്നും ഇന്ദ്രൻസ് ചോദിച്ചു.

Leave A Reply

Your email address will not be published.