പൊളിച്ചുനീക്കിയ 30,000 ക്ഷേത്രങ്ങളും തിരിച്ചുപിടിക്കും. ധൈര്യമുണ്ടെങ്കില്‍ തടയൂ’; മന്ദിര്‍-മസ്ജിദ് തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീരാമസേന

0

ബെംഗളൂരു: രാജ്യത്ത് നിലനില്‍ക്കുന്ന മന്ദിര്‍-മസ്ജിദ് തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി ഹിന്ദു വലതുപക്ഷ പാര്‍ട്ടിയായ ശ്രീരാമസേന. രാജ്യത്ത് തകര്‍ക്കപ്പെട്ട 30,000 ക്ഷേത്രങ്ങളും തിരികെപിടിക്കുമെന്നായിരുന്നു ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖിന്റെ വാദം.

കര്‍ണാടകയില്‍ നടന്ന യോഗത്തിനിടെയായിരുന്നു മുത്തലിഖിന്റെ വിവാദ പരാമര്‍ശം.

മസ്ജിദുകള്‍ നിര്‍മിക്കാന്‍ വേണ്ടി പൊളിച്ചുനീക്കിയ എല്ലാ ക്ഷേത്രങ്ങളും ഞങ്ങള്‍ തിരിച്ചുപിടിക്കും. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ തടയൂ. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ രക്തപ്പുഴയൊഴുകുമെന്ന് നിങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ട് എന്ത് സംഭവിച്ചു? നിങ്ങള്‍ക്ക് ഹിന്ദുക്കളുടെ ഒരു തുള്ളി രക്തം പോലും എടുക്കാന്‍ സാധിച്ചില്ല.

കുറച്ചെങ്കിലും നാണമുണ്ടെങ്കില്‍ നേരത്തെ നിങ്ങള്‍ തകര്‍ത്ത ഞങ്ങളുടെ ക്ഷേത്രങ്ങള്‍ തിരികെ നല്‍കൂ. ഇത്തരം ധിക്കാരം ഇനി സഹിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളെ ആര്‍ക്കും തൊടാന്‍ കഴിയില്ല- ഭരണഘടനയെ അനുസരിച്ച് തന്നെ ഞങ്ങള്‍ ആ ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കും,’ പ്രമോദ് മുത്തലിഖ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കര്‍ണാടക ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയും മന്ദിര്‍ മസ്ജിദ് വിഷയത്തില്‍ സമാനമായ വിവാദ പരാമര്‍ശം നടത്തിയിരുന്നു.

‘36,000 ക്ഷേത്രങ്ങള്‍ പള്ളികള്‍ നിര്‍മിക്കാന്‍ വേണ്ടി തകര്‍ത്തിട്ടുണ്ട്. നമസ്‌കരിക്കാന്‍ അവര്‍ മറ്റെവിടെയെങ്കിലും പള്ളികള്‍ നിര്‍മിക്കട്ടെ. ക്ഷേത്രങ്ങള്‍ക്കു മുകളിലുള്ള മസ്ജിദ് നിര്‍മാണം അനുവദിക്കാമന്‍ സാധിക്കില്ല. നിയപരമായി തന്നെ ആ 36,000 ക്ഷേത്രങ്ങളും ഹിന്ദുക്കള്‍ പിടിച്ചെടുക്കും,’ ഈശ്വരപ്പ പറഞ്ഞു.

ഏപ്രില്‍ 21നാണ് കര്‍ണാടകയില്‍ നിന്നും മസ്ജിദ്-മന്ദിര്‍ വിവാദം ഉടലെടുക്കുന്നത്. കര്‍ണാടകയിലെ പള്ളിയുടെ അടിയില്‍ നിന്നും പുരാതന ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദം ആളിപ്പടര്‍ന്നത്.

താലൂക്കിലെ മലാലി മാര്‍ക്കറ്റ് മസ്ജിദ് പരിസരത്ത് ജുമാ മസ്ജിദിലെ നവീകരണ പ്രവര്‍ത്തനത്തിനിടെയായിരുന്നു ക്ഷേത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പള്ളി അദാകരികളായണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. നവീകരണത്തിനായി പള്ളിയുടെ ഒരുഭാഗം നോരത്തെ പൊളിച്ചിരുന്നു.

പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നുവെന്നാണ് ഹിന്ദുത്വ വാദികളുടെ ആരോപണം. വിഷയത്തില്‍ പള്ളിയുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ നവീകരണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത് നേതാക്കള്‍ ജില്ലാ അധികാരികളെ സമീപിച്ചിരുന്നു.

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയ്ക്ക് നേരെയുണ്ടായ ഹിന്ദുത്വ വാദികള്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കര്‍ണാടക മസ്ജിദിനെ ലക്ഷ്യമിട്ട് സംഘം എത്തിയിരിക്കുന്നത്.

16-ാം നൂറ്റാണ്ടിലെ ഔറംഗസേബിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച് 1991ല്‍ വാരണാസി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരും ക്ഷേത്രത്തിന്റെ പൂജാരിയും രംഗത്തെത്തിയിരുന്നു. പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് സര്‍വേ നടത്താന്‍ അനുമതി നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2019 ല്‍ ഈ ആവശ്യം അലബഹബാദ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

മസ്ജിദിന്റെ ചുവരുകളിലുള്ള ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജിയിലാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.ഹരജി പരിഗണിച്ച വാരണാസി കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കേസ് സുപ്രീം കോടതി പരിഗണിക്കുകയും കീഴ്‌ക്കോടതിയ്ക്ക് കൈമാറാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. നിലവില്‍ വാരണാസി കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Leave A Reply

Your email address will not be published.