ആവേശം ഒട്ടും ചോർന്നിട്ടില്ല; സിസർ കട്ടുമായി ഐ.എം വിജയൻ

0

തിരുവനന്തപുരം: കളികാണാൻ വന്നവരെയും മാധ്യമപ്രവർത്തകരെയും അംബരിപ്പിച്ച് ഐ.എം വിജയൻ്റെ സീസർക്കട്ട് പ്രകടനം. തിരുവനന്തപുരം ചന്ദ്രശേഖർ സ്റ്റേഡിയത്തിൽ മുൻ ഫുട്ബോൾ താരങ്ങളായ ഐ.എം.വിജയനും ജോപോൾ അ‌ഞ്ചേരിയും കൊമ്പുകോർത്തപ്പോഴാണ് ഐ.എം വിജയൻ തൻ്റെ മിന്നും പ്രകടനം വീണ്ടും പൊടിതട്ടിയെടുത്തത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് ഇരുവരുടേയും നേതൃത്വത്തിൽ മുൻ താരങ്ങൾ നേർക്കുനേർ വന്നത്.

ഐഎം വിജയനും ഷറഫലിയും അടക്കം ഒരുവശത്തും, ജോപോൾ അഞ്ചേരി ആസിഫ് സഹീറുമടക്കമുള്ള സംഘം മറുശത്തുമായിരുന്നു. 25 മിനിറ്റായിരുന്നു മത്സരം. കളിയുടെ ആവേശത്തിൽ തീപാറും പ്രകടനമാണ് ഇന്ത്യയുടെ പഴയ പുലികൾ കാഴ്ചവച്ചത്. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളാണ് ഇരു ടീമുകളും നടത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ​ഗതിമാറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഐ.എം വിജയന്റെ ടീമിനെതിരെ ആസിഫ് സഹീർ ആദ്യഗോൾ നേടി. മറുപടി ​ഗോളിനുള്ള ശ്രമത്തിനിടെയാണ് കാണികളെ ആവേശത്തിലാക്കി വിജയന്റെ വക അടിപൊളി സിസർക്കട്ട് വന്നത്. പഴയ ആവേശം ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആ പ്രകടനം. എന്നാൽ പന്ത് വലയിലെത്തിക്കാനായില്ല.

തൊട്ടുപുറകെ ആസിഫ് സഹീർ ഒരു ​ഗോൾ കൂടി നേടി. എതിർ നിരയിൽ സുരേഷ് കുമാർ ഒരു ഗോളടിച്ച് കളിതിരിച്ചു പിടിക്കാൻ ശ്രമിച്ചതോടെ മത്സരം വീണ്ടും ആവേശമായി. ജോപോൾ അഞ്ചേരിയുടെ ടീമിനായി എബി‍ർ റോസ് ഒരു ഗോൾ കൂടി നേടിയതോടെ വ്യക്തമായ ആദിപത്യം അവർ ഉറപ്പിച്ചു. നിശ്ചിത സമയം തീർന്നപ്പോൾ ഒന്നിനെനിതിരെ മൂന്നുഗോളിന് ജോപോളിൻ്റെ ടീം ജയം സ്വന്തമാക്കി.

തോൽവി ഏറ്റുവാങ്ങേടി വന്നാലും പഴയ കൂട്ടുകാർക്ക് ഒപ്പം കളിക്കളത്തിൽ ഒത്തുചേരാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഐ.എം. വിജയൻ. സൗഹൃദങ്ങൾക്ക് മുന്നിൽ ജയവും തോൽവിയുമില്ലെന്ന് ജോപോളും പ്രതികരിച്ചു. ആവേശം ഒട്ടും ചോരാതയുള്ള പോരാട്ടത്തിനൊടുവിൽ വീണ്ടും കളിക്കളത്തിൽ കാണാമെന്ന് പറഞ്ഞ് കൈകൊടുത്ത് പിരിഞ്ഞു ഇന്ത്യയുടെ അഭിമാന താരങ്ങൾ.

Leave A Reply

Your email address will not be published.