പി.സി. ജോര്‍ജിന്റേത് തീവ്രവാദപരമായ മതചിന്ത, അതിന് തെളിവാണ് ജഗതിയുടെ മകള്‍ പാര്‍വതിയെ അല്‍ഫോണ്‍സയാക്കിയത്: വെള്ളാപ്പള്ളി

0

തിരുവനന്തപുരം: പി.സി. ജോര്‍ജ് തീവ്രമായ മതചിന്ത വെച്ചുപുലര്‍ത്തുന്ന ആളാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി.സി. തീവ്രമതവാദിയാണെന്നതിന്റെ തെളിവാണ് ഷോണ്‍ ജോര്‍ജ് വിവാഹം കഴിച്ച പാര്‍വതിയെ മതം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പി.സി. ജോര്‍ജ് മൃദുവായ ഒരു സമുദായവാദിയാണ്. അതിന് തെളിവെന്താണ്. നമ്മുടെ സിനിമാനടനായ ജഗതിയുടെ മകള്‍ പാര്‍വതിയെ അദ്ദേഹത്തിന്റെ മകന്‍ കല്യാണം കഴിച്ചു. അവരുടെ പേര് പാര്‍വതി എന്നാണ്. പാര്‍വതിയെ കെട്ടാനായി അദ്ദേഹത്തിന്റെ മകന്‍ അവളെ പ്രേമിച്ചു, സന്തോഷം, അവര്‍ പരസ്പരം ഇഷ്ടപ്രകാരം കെട്ടിയെങ്കില്‍ നമുക്ക് യാതൊന്നും പറയേണ്ട കാര്യമില്ല.

കെട്ടിയതില്‍ യാതൊരു തെറ്റമില്ല. മതം മാറ്റി അതിലും തെറ്റില്ല. എന്നാല്‍ പേരും കൂടെ മാറ്റിക്കളഞ്ഞു. പാര്‍വതി എന്ന പേര് മാറ്റി അല്‍ഫോണ്‍സ എന്നാക്കി. ഇത്രയും തീവ്രവാദപരമായ ചിന്ത മതത്തെ പറ്റിയുള്ള വേറെ ആരുണ്ട്? അയാളാണ് മറ്റ് മതങ്ങളെ ആക്ഷേപിക്കുന്നത്, അത് ശരിയാണോ?

തീ തുപ്പുന്ന, വിഷം തുപ്പുന്ന മതവിദ്വേഷപരമായ പ്രസ്താവനകളല്ലേ പി.സി. ജോര്‍ജ് പറയുന്നത്. അത് ഒരു തവണയാണോ, പല തവണ പറഞ്ഞില്ലേ? ചെയ്യരുത് എന്ന് പറഞ്ഞ് താക്കീത് നല്‍കിയിട്ടുപോലും പിന്നാടും അത് ആവര്‍ത്തിക്കാന്‍ തയ്യാറായപ്പോള്‍ ജയിലില്‍ പോയില്ലേ, പിന്നീടും താക്കീത് കൊടുത്തല്ലേ വിട്ടിരിക്കുന്നത്? താക്കീത് കൊടുത്ത് വിട്ടെങ്കിലും ഞാന്‍ ഇനിയും പറയും എന്ന അഹങ്കാരത്തിന്റെ ആള്‍രൂപമായ പി.സി. നാളെ എറണാകുളത്ത് പ്രസംഗിക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു.

ഈ പ്രസംഗങ്ങളൊക്കെ നോക്കൂ, ആ പ്രസംഗങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല എന്നുമാത്രമല്ല, അദ്ദേഹമിപ്പോള്‍ ചെന്ന് കേറിയിരിക്കുന്നത് ബി.ജെ.പിയുടെ പാളയത്തിലാണ്. ബി.ജെ.പിക്ക് ഒരു ലാഭവും അദ്ദേഹത്തെ കൊണ്ട് കിട്ടാന്‍ പോവുന്നില്ല,’ വെള്ളാപ്പള്ളി പറഞ്ഞു.

പി.സി. ജോര്‍ജിന് വിലകൊടുക്കുന്നതും അദ്ദേഹത്തിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടെന്ന് പറയുന്നതും മാധ്യമങ്ങളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി

Leave A Reply

Your email address will not be published.