ഒരു കാലത്തും നിങ്ങള്‍ അവരെ തള്ളിപറയരുത്; തൂഫാന്‍….. റയല്‍ മാഡ്രിഡ്

0

യുവേഫ ചാമ്പ്യന്‍സ് ലീഗ് 2022 സീസണ്‍ കിരീടം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിനെയാണ് ഫൈനലില്‍ റയല്‍ പരാജയപ്പെയുത്തിയത്.

ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ബ്രസീലിന്റെ യുവരക്തം വിനീഷ്യസ് ജൂനിയറായിരുന്നു റയലിന് വേണ്ടി ഗോള്‍ നേടിയത്.

ഈ സീസണ്‍ തുടക്കത്തില്‍ ഒരു സാധ്യതയും കാണാതിരുന്ന ടീമായിരുന്നു റയല്‍ മാഡ്രിഡ്. സിനദിന്‍ സിദാന്റെ വിടവാങ്ങലും പുതിയ ട്രാന്‍സ്ഫറുകളും റയലിനെ എങ്ങുമെത്തിക്കില്ലയെന്ന് സ്വന്തം ആരാധകര്‍ വരെ കരുതി.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കഥ പറയുമ്പോള്‍ തീര്‍ച്ചയായും റയലിന്റയും കഥ പറയണം. ഈ കൊല്ലത്തയടക്കം ഇതുവരെ 14 യു.സി.എല്‍ കിരീടങ്ങളാണ് റയല്‍ നേടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ കിരീടം അണിഞ്ഞതും റയല്‍ തന്നെ.

ഈ സീസണ്‍ തുടക്കത്തില്‍ ആര്‍ക്കും പ്രതീക്ഷയില്ലാതിരുന്നിടത്തു നിന്നാണ് റയലിന്റെ തിരിച്ചുവരവ്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലായിരുന്നു റയല്‍ പുറത്തായത്. ഈ സീസണില്‍ കൂടി പോയാല്‍ റൗണ്ട് ഓഫ് 16 വരയെ ഈ ടീം ഉണ്ടാകുകയുള്ളുവെന്ന് എല്ലാവരും എഴുതി തള്ളിയിരുന്നു.

ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ചാമ്പ്യന്‍മാരായിട്ടായിരുന്നു റയല്‍ വന്നത്. റൗണ്ട് ഓഫ് 16ല്‍ ശക്തരായ പി.എസ്.ജിയെ ആയിരുന്നു റയല്‍ നേരിട്ടത്. ആദ്യ പാദത്തില്‍ 1-0ത്തിന് പാരിസ് ജയിച്ചിരുന്നു. ഈ തോല്‍വിക്ക് ശേഷം, ഇത് മാഡ്രിഡിന്റെ മുന്നേറ്റത്തിന്റെ അവസാനമാകുമോ എന്ന് സംശയിച്ചവരുണ്ടായിരുന്നു. ഈ കൊല്ലം കപ്പ് നേടുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ടീമായിരുന്നു പി.എസ്.ജി.

രണ്ടാം പാദത്തില്‍ അറുപതാം മിനിറ്റന്‍ പി.എസ്.ജി അവരുടെ ലീഡ് ഉയര്‍ത്തിയിരുന്നു എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ഹാട്രിക്ക് നേടികൊണ്ട് കരീം ബെന്‍സിമ റയലിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിച്ചു.

പിന്നീട് ക്വാര്‍ട്ടറില്‍ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ ചെല്‍സിയേയും (5-4) സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയേയും (6-5) റയല്‍ തകര്‍ത്തെറിഞ്ഞു.

2018ന് ശേഷം ആദ്യമായിട്ടായിരുന്നു റയല്‍ ഫൈനലില്‍ പ്രവേശിച്ചത്. 2018ലും ഫൈനലില്‍ ലിവര്‍പൂളായിരുന്നു റയലിന്റെ എതിരാളികള്‍. അന്നും ലിവര്‍പൂലിനെ തോല്‍പ്പിച്ച് റയല്‍ ജേതാക്കളായിരുന്നു.

പഴയ കണക്ക് തീര്‍ക്കാനായിരുന്നു ലിവര്‍പൂള്‍ ഇത്തവണ കച്ചകെട്ടിയെത്തിയത് അവര്‍ മനോഹരമായി കളിക്കുകയും ചെയ്തു. എന്നാല്‍ പാറ പോലെ നിന്ന റയല്‍ ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസിനെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

കോര്‍ട്ടോയിസ് തന്നെയായിരുന്നു കളിയിലെ താരമായത്. ഒമ്പത് തവണയാണ് ലിവര്‍പൂല്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടിച്ചത്. റയലാകട്ടെ രണ്ടെണ്ണവും. റയലിനെ പോലെ തന്നെ എഴുതി തള്ളിയ താരമായിരുന്നു വിനീഷ്യസ് ജൂനിയര്‍ എന്നാല്‍ ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

കരീം ബെന്‍സിമ എന്ന ഇതിഹാസത്തോട് റയല്‍ ആരാധകര്‍ എന്നും കടപ്പെട്ടിരിക്കും. റയല്‍ തീര്‍ന്നു എന്ന് വിരോധികള്‍ ആഘോഷിച്ചെടുത്തു നിന്നും ആ ടീമിനെ കൈ പിടിച്ചെഴിന്നേല്‍പ്പിച്ചതിന്. 15 ഗോളുകളാണ് റയലിന് വേണ്ടി യു.സി.എല്ലില്‍ അദ്ദേഹം അടിച്ചുകൂട്ടിയത്.

ഇത്തവണ ലാ-ലിഗ ചാമ്പ്യന്‍മാരും റയല്‍ തന്നെയായിരുന്നു.

Leave A Reply

Your email address will not be published.