കൊച്ചി: തൃക്കാക്കരയില്‍ ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ജനത നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദപ്രചാരണമാണ്. ആവേശം അലതല്ലുന്ന കൊട്ടിക്കലാശമാണ് ഇന്നലെ തൃക്കാക്കരയിൽ നടന്നത്.
സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അവസാന വോട്ടും ഉറപ്പിക്കാനായി രംഗത്തുണ്ട്. മണ്ഡലത്തിലാകെ 239 പോളിംഗ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. ഇവിടെ മൊത്തം ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് ഉള്ളത്. 3633 കന്നിവോട്ടർമാരാണ്. മണ്ഡലത്തിൽ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് ഈ മണ്ഡലം. എന്തായാലും പോളിംഗ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കവെ കടുത്ത വിജയം അവകാശപ്പെടുകയാണ് പ്രമുഖ മുന്നണികൾ. യൂഡിഎഫ് കണക്കനുസരിച്ച് പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് പ്രതീക്ഷ. സ്ത്രീ വോട്ടര്‍മാരിലടക്കം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉമ നേടിയിട്ടുള്ള സ്വാധീനം തരംഗമായി മാറിയേക്കാമെന്ന സൂചനയാണ് എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ 2011ല്‍ ബെന്നി ബെഹനാന് നേടിയ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷവും ഉമ മറികടക്കുമെന്നാണ് പ്രതീക്ഷ.
സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്കിയ അന്തിമ റിപ്പോര്‍ട്ടിൽ അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജോസഫ് ജയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അടിത്തട്ട് ഇളക്കി നടത്തിയ പ്രചാരണത്തിന്റെ സ്വാധീനം കലാശക്കൊട്ടിലും കണ്ടെന്നാണ് സിപിഎം പറയുന്നത്. ബൂത്തടിസ്ഥാനത്തിലെ മുഴുവന്‍ കണക്കുകളും പരിശോധിച്ച ശേഷമാണ് സിപിഎം തൃക്കാക്കരയില്‍ അട്ടിമറി വിജയം ഉണ്ടാക്കുമെന്ന് ആവര്‍ത്തിക്കുന്നത്. ആദ്യ കണക്കില്‍ നാലായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നതെങ്കില്‍ അന്തിമ കണക്കില്‍ ആയിരം വോട്ടിന്റെ കൂടി മേധാവിത്വം അവകാശപ്പെടുന്നുണ്ട്.
ബിജെപിയുടെ പ്രതീക്ഷ പിസി ജോര്‍ജിലാണ്. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ എ എൻ രാധാകൃഷ്ണന്റെ വോട്ട് ഇരുപതിനായിരം കടക്കുമെന്ന കടുത്ത പ്രതീക്ഷയിലാണ് ബിജെപി.