‘തുറമുഖം’ ഒരാഴ്ചകൂടി വൈകും; ഇത്തവണ റിലീസ് മാറ്റിവെച്ചത് നിയമപരമായ കാരണങ്ങളാല്‍

0

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ റിലീസ് മാറ്റിവെച്ചു. ജൂണ്‍ പത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം. അവിചാരിതമായി നേരിടേണ്ടിവന്ന നിയമപരമായ കാരണങ്ങള്‍ മൂലമാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. തുറമുഖത്തിലെ അഭിനേതാവായ ഇന്ദ്രജിത്താണ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവെച്ചത്.

അവിചാരിതമായി ഉയര്‍ന്നുവന്ന നിയമപരമായ കാരണങ്ങളാല്‍ ‘തുറമുഖ’ത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുന്നു. കോവിഡും സാമ്പത്തിക കുടുക്കുകളും തീയറ്റര്‍ അടച്ചിടലും ചലച്ചിത്ര വ്യവസായത്തില്‍ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളില്‍ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകള്‍, സഹൃദയരായ ആസ്വാദകരെയും തീയേറ്റര്‍ പ്രവര്‍ത്തകരെയും അണിയറയില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. എങ്കിലും വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നില്‍ തിരശ്ശീലയില്‍ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ. ജൂണ്‍ പത്തിന് വെള്ളിത്തിരയില്‍ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകും. അതിനു ഞങ്ങള്‍ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണ്! ശുഭാപ്തി വിശ്വാസത്തോടെ, തുറമുഖത്തിന്റെ അണിയറ പ്രവര്‍ത്തകര്‍,’ ഇന്ദ്രജിത്ത് പറഞ്ഞു.

ജൂണ്‍ മൂന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തെ നിരവധി തവണ ചിത്രം മാറ്റിവെച്ചിരുന്നു.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.

തൊഴിലില്ലായ്മ രൂക്ഷമായ കാലഘട്ടത്തില്‍ തൊഴില്‍ വിഭജനത്തിനായി കൊണ്ടുവന്ന ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റേയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസര്‍മാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷഹബാസ് അമനാണ് തുറമുഖത്തിന്റെ സംഗീതം. സമീറ സനീഷ് വസ്ത്രാലങ്കാരം, റോണക്‌സ് സേവ്യര്‍-മേക്കപ്പ്, ദീപക് പരമേശ്വരന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Leave A Reply

Your email address will not be published.