എന്റെ പി.ടിയുടെ അടുത്ത് പോയാണ് ആദ്യം പ്രാര്‍ഥിച്ചത്; തൃക്കാക്കര ജനത അംഗീകരിക്കും: വോട്ടിംഗ് ദിനത്തില്‍ ഉമാ തോമസ്

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശുഭ പ്രതീക്ഷയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും ഉമാ തോമസ് പോളിങ് ദിനത്തില്‍ പ്രതികരിച്ചു.

എന്നത്തേയുംപോലെ എന്റെ പി.ടിയുടെ അടുത്ത് പോയാണ് ആദ്യം പ്രാര്‍ഥിച്ചത്. പി.ടി. തോമസിന് വേണ്ടി കൂടിയാണ് ഞാന്‍ മത്സര രംഗത്തിറങ്ങിയത്. മണ്ഡലത്തില്‍ എനിക്ക് വേണ്ടി കൂടെ പ്രവര്‍ത്തിച്ചവരാണ് എന്റെ ശക്തിയും ഊര്‍ജവും. പോളിങ് ദിവസം മഴ മാറി നില്‍ക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു.

രാവിലെ കൃത്യം 7 മണിയ്ക്ക് തന്നെ തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 6 മണിമുതല്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

239 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്. 1,96,805 വോട്ടര്‍മാരാണ് ഇത്തവണ വിധി നിര്‍ണയിക്കുക. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.

എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്. വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും.

ഉറച്ച കോട്ടയായി തൃക്കാക്കരയെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും.

Leave A Reply

Your email address will not be published.