അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടിലെത്തി സൂര്യ; ഭാര്യയ്ക്ക് ജോലിയും മകളുടെ പഠന ചെലവിനുള്ള സഹായവും നല്‍കും
ആരാധകരുടെ പ്രിയപ്പെട്ട നടനാണ് തമിഴ് സൂപ്പര്‍ താരം സൂര്യ. തന്റെ ആരാധകരും സൂര്യക്ക് പ്രിയപ്പെട്ടതാണ്. അപകടത്തില്‍ മരിച്ച തന്റെ ഒരു ആരാധകന്റെ കുടുംബത്തിന് വീട്ടിലെത്തി സൂര്യ സഹായഹസ്തം പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സൂര്യ ഫാന്‍സ് നമ്മക്കല് ജില്ലാ സെക്രട്ടറിയായിരുന്ന ജഗദിഷിന്റെ കുടുംബത്തിലാണ് താരമെത്തി പിന്തുണയറിയിച്ചത്.
കഴിഞ്ഞ ദിവസം ഒരു അപകടത്തെ തുടര്‍ന്നാണ് ജഗദിഷ്(27) മരണപ്പെട്ടത്. സൂര്യ ജഗദിഷിന്റെ വീട്ടില്‍ എത്തുകയും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
അര മണിക്കൂറോളം സൂര്യ ജഗദിഷിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചു. ജഗദിഷിന്റെ ഭാര്യയ്ക്ക് ജോലിയും മകള്‍ ഇനിയയുടെ പഠിനം പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ 41ാമത്തെ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ കൃതി ഷെട്ടി ആണ് നായിക.
മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
താരസമ്പന്നത കൊണ്ട് നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായ കമല്‍ ഹാസന്-ലോകേഷ് കനകരാജ് ടീമിന്റെ ‘വിക്രം’ത്തിലും സൂര്യ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
സൂര്യ ചിത്രത്തിലുണ്ടാവുമെന്ന് വിക്രം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.