റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക ലക്ഷ്യം

0

ബ്രസല്‍സ്: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത് യൂറോപ്യന്‍ യൂണിയന്‍. എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ശതമാനവും നിര്‍ത്തലാക്കാനാണ് തീരുമാനം.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ബ്രസല്‍സില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ ആണ് തീരുമാനം പുറത്തുവിട്ടത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു.

”യൂറോപ്യന്‍ യൂണിയനിലേക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കരാറായി. റഷ്യയില്‍ നിന്നുള്ള മൂന്നില്‍ രണ്ട് ഭാഗത്തേക്കാളധികം എണ്ണ ഇതില്‍ ഉള്‍പ്പെടും.റഷ്യയുടെ 75 ശതമാനം എണ്ണ കയറ്റുമതിയെയും ഇത് അടിയന്തരമായി ബാധിക്കും. ഈ വര്‍ഷാവസാനത്തോടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യയുടെ 90 ശതമാനം എണ്ണ ഇറക്കുമതിയും നിരോധിക്കപ്പെടും.

ഇതുവഴി റഷ്യയുടെ യുദ്ധ മെഷീന് വേണ്ട സാമ്പത്തിക സ്രോതസില്‍ വലിയ ഇടിവുണ്ടാകും. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക,” ചാള്‍സ് മൈക്കല്‍ ട്വീറ്റ് ചെയ്തു.

റഷ്യന്‍ സ്‌റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ എണ്ണ നിരോധനം എങ്ങനെയായിരിക്കും നടപ്പിലാക്കുക എന്നത് സംബന്ധിച്ച വിശദമായ തീരുമാനങ്ങള്‍ പിന്നീടായിരിക്കും സ്വീകരിക്കുക.ഉപരോധത്തിന്റെ ആറാം പാക്കേജ് കരാറിലേക്ക് ഞങ്ങള്‍ കടക്കുകയാണ്,” ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ നേതാക്കളുമായി ചര്‍ച് നടത്താനിരിക്കെയായിരുന്നു മക്രോണിന്റെ പ്രതികരണം.പുതിയ തീരുമാനപ്രകാരം അംഗരാജ്യങ്ങളായ 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതിന് സമ്മതം നല്‍കും.  പൈപ്പ്‌ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഡെലിവറിക്ക് ഇതില്‍ നിന്നും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.