മുബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ സന്ദീപിനായി കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷകര്‍. യുവതാരം അദിവി ശേഷ് നായകനാവുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളിലെത്തുന്നത്.
മോളിവുഡ് സിനിമകളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് പറയുകയാണ് അദിവി ശേഷ്. ദളപതിയും ഭീഷ്മ പര്‍വ്വവും കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും മൂവിമാന് ബ്രോഡ്കാസ്റ്റിംഗിന് നല്കിയ അഭിമുഖത്തില്‍ അദിവി ശേഷ് പറഞ്ഞു.മമ്മൂക്ക സാറിന്റെ സിനിമകള്‍ ഇഷ്ടമാണ്. കുട്ടിക്കാലത്ത് ദളപതി കണ്ടിട്ടുണ്ട്. ദുര്യോധനന്റെ ഭാഗം അദ്ദേഹം നന്നായി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. തെലുങ്ക് പടങ്ങളും അടുത്തിടെ ഇറങ്ങിയിരുന്നല്ലോ. യാത്ര, അതുപോലെ ഇപ്പോള്‍ ഏജന്റില്‍ അഭിനയിക്കുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം തെലുങ്കിലും മലയാളത്തിലുമുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ഭീഷ്മ പര്‍വ്വവും ഇഷ്ടമാണ്,’ അദിവി ശേഷ് പറഞ്ഞു.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വലിയ ഫാനാണെന്നും അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു എന്നും അദിവി ശേഷ് പറഞ്ഞു.
‘മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. അദ്ദേഹം ഇന്ത്യയുടെ പുത്രനാണ്. കേരളത്തിന്റെ പുത്രനാണ്. മുംബൈയുടെ രക്ഷകനാണ്. അത് അത്ഭുതകരമായ ഒരു ജീവിതമായിരുന്നു. ഈ കഥാപാത്രം ചെയ്യുമ്പോള്‍ സന്ദീപിന്റേയും അദ്ദേഹത്തിന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫാനാണ് ഞാന്‍. 2008ല്‍ ടി.വിയില്‍ മുംബൈ
ഭീകരാക്രമണം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ എന്റെ മൂത്ത സഹോദരനായാണ് തോന്നിയത്. ഈ മനുഷ്യന് ആരാണെന്ന് ഞാന്‍ ചിന്തിച്ചു. അവിടെ അദ്ദേഹത്തോടുള്ള ആരാധന തുടങ്ങി. കാരണം അദ്ദേഹം ഒരുപാട് മനുഷ്യരെ രക്ഷിച്ചു. സന്ദീപിന്റെ ജീവിതം അതിലും മനോഹരമായിരുന്നു എന്ന് അതിന് ശേഷമാണ് അറിയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന മേജര്‍, ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്യുന്നത്. ടോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.