ഇന്ത്യന്‍ നയതന്ത്ര സംഘം അഫ്ഗാനില്‍; താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തും; തീവ്രവാദം വിഷയമായേക്കുമെന്ന് റിപ്പോര്‍ട്ട്
കാബൂള്‍: ഇന്ത്യന്‍ നയതന്ത്ര സംഘം അഫ്ഗാനിസ്ഥാനിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ജെ.പി. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാന് സന്ദര്‍ശിക്കുന്നത്. ഇവര്‍ അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ എത്തിയിട്ടുണ്ട്.
താലിബാന് സര്‍ക്കാരിന്റെ ഉന്നത പ്രതിനിധികളുമായി ഇവര്‍ ചര്‍ച്ച നടത്തും. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ഇറാന് എന്നീ രാജ്യങ്ങളുടെ ചുമതലയാണ് ജെ.പി. സിംഗിനുള്ളത്.
താലിബാന് അഫ്ഗാന് ഭരണം കയ്യടക്കിയതിന് ശേഷമുള്ള ഇന്ത്യന്‍ സംഘത്തിന്റെ ആദ്യ അഫ്ഗാന് സന്ദര്‍ശനമാണിത്.
അഫ്ഗാന് ഇന്ത്യ നല്കുന്ന സഹായങ്ങളുടെ തുടര്‍ന്നുള്ള പുരോഗതി വിലയിരുത്തുന്നതിന് വേണ്ടിയാണ് സംഘം സന്ദര്‍ശനം നടത്തുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യ നല്‍കിയിട്ടുള്ള സഹായങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം അഫ്ഗാന് നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
നേരത്തെ 20,000 മെട്രിക് ടണ്‍ ഗോതമ്പ് ഇന്ത്യ അഫ്ഗാന് നല്‍കിയിരുന്നു. ഇതിന് പുറമെ അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിനും 13 ടണ്‍ മറ്റ് മരുന്നുകളും നല്‍കിയിരുന്നു. ഈ സഹായങ്ങളുടെ വിലയിരുത്തലുകളായിരിക്കും സന്ദര്‍ശനത്തില്‍ നടത്തുക.ഇന്ത്യയ്ക്കൊപ്പം അഫ്ഗാന് സഹായങ്ങള്‍ നല്‍കിയിരുന്ന മറ്റ് അന്താരാഷ്ട്ര സംഘടനകളുമായുള്ള ചര്‍ച്ചയും സംഘത്തിന്റെ അജണ്ടയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഖത്തറില്‍ വെച്ച് ഇന്ത്യന്‍ സംഘം താലിബാന് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താലിബാന് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അഫ്ഗാനിലെത്തിയുള്ള ഇന്ത്യന്‍ സംഘത്തിന്റെ ചര്‍ച്ച ഇതാദ്യമായാണ്.
അതേസമയം, അഫ്ഗാനില്‍ താലിബാന്റെ സഹായത്തോട് കൂടി ഇന്ത്യക്കെതിരെ ചില തീവ്രവാദ സംഘങ്ങള്‍ ബലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് യു.എന്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ തീവ്രവാദമടക്കമുള്ള വിഷയങ്ങളിലേക്ക് ഇന്ത്യ – താലിബാന് ചര്‍ച്ച നീണ്ടേക്കുമെന്നും സൂചനകളുണ്ട്. യു.എന്‍ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയെക്കുറിച്ചും സന്ദര്‍ശനത്തില്‍ ഇന്ത്യ അന്വേഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഫ്ഗാന് ഇന്ത്യയുടെ നല്ല പങ്കാളിയാണ് എന്നാല്‍ തീവ്രവാദത്തെ വെച്ച് പുലര്‍ത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ല, എന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.