പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യൂ’; ജനങ്ങളോട് ആഹ്വാനവുമായി രാജ് താക്കറെ
മുംബൈ: പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി മഹാരാഷ്ട്ര നവ നിര്മാണ് സേന നേതാവ് രാജ് താക്കറെ. കത്തിലൂടെയായിരുന്നു താക്കറെയുടെ ആഹ്വാനം. മറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ മൂന്ന് ഭാഷകളിലായിരുന്നു താക്കറെ കത്ത് കൈമാറിയത്.
സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് താക്കറെ കത്തിലൂടെ ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ലോക്കല്‍ പൊലീസില്‍ ഉടന്‍ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പള്ളികളിലെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട വിഷയം എം.എന്‍.എസ് ഏറ്റെടുത്തു. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തുടനീളം വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വിഷയം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാണ് ഞങ്ങളുടെ ചിന്തകള്‍ കത്തിലൂടെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. വലിയ തോതിലുള്ള ജനപങ്കാളിത്തമില്ലാതെ പ്രതിഷേധം വിജയിക്കില്ല.
ഉച്ചഭാഷിണിയിലെ ശബ്ദത്തിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ പരിധി പരമാവധി 55 ഡെസിവെലാണ്. ഇതിന് മുകലില്‍ ശബ്ദമ വന്നാല്‍ ജനങ്ങള്‍ ലോക്കല്‍ പൊലീസില്‍ വിവരമറിയിക്കണം. തുടര്‍നടപടികള്‍ പൊലീസ് സ്വീകരിക്കും. ശബ്ദം അസഹനീയമായാല്‍ 100 എന്ന നമ്പറില്‍ വിളിച്ചോ, ട്വിറ്ററിലൂടെയോ ഫേസ്ബുക്കിലൂടെയോ വിവരം പങ്കുവെക്കാവുന്നതാണ്,’ രാജ് താക്കറെ കത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത നടപടിയില്‍ യോഗി സര്‍ക്കാറിനെ അഭിനന്ദിച്ച് രാജ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് യോഗിമാരില്ലെന്നും പകരം ‘ഭോഗികള്’ മാത്രമാണുള്ളതെന്നും താക്കറെ പറഞ്ഞിരുന്നു. ഏപ്രില്‍ തുടക്കം മുതല്‍ മെയ് മൂന്നിനകം മഹാരാഷ്ട്രയിലെ എല്ലാ മുസ്ലിം പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാറിനോട് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു.
മെയ് മൂന്നിന് ശേഷം ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന് ചാലിസ വായിക്കാനും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ നമസ്കരിക്കാന്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന് ചാലിസ വായിക്കുമെന്നും താക്കറെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.