കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് പറഞ്ഞത് മുഖ്യമന്ത്രി കേട്ടു എന്നാണ് വി.ടി. ബല്‍റാം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജനം കേട്ടു. തിരുത്തി. തൃക്കാക്കരക്കാര്‍ ചെയ്തു,
കേരളത്തിന് വേണ്ടി,’ എന്നാണ് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.
തൃക്കാക്കരക്കാര്‍ക്ക് ഒരു വര്‍ഷം മുന്‍പ് സംഭവിച്ച തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയായാണ് വി.ടി. ബല്‍റാം പറഞ്ഞത്.
കേരളത്തിന്റെ മണ്ണിന്റെയും മനുഷ്യന്റെയും മനസ്സറിഞ്ഞ നേതാവാണ് എന്നും വി.ഡി. സതീശനെന്ന് ഫലം പുറത്തുവരുന്നതിനിടെ ടി.എന്‍. പ്രതാപന് എം.പിയും പറഞ്ഞു. ഹരിത രാഷ്ട്രീയത്തിന്റെ കരുത്തുറ്റ നേതാവ് വി.ഡി. സതീശന് ഉറപ്പാക്കിയത് പി.ടി തോമസ് എന്ന നിലപാടിന്റെ രാഷ്ട്രീയത്തിന്റെ തുടര്ച്ചയെയാണെന്നും പ്രതാപന് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്യാപ്റ്റന്‍ ഒറിജിനല്‍ എന്നാണ് ഹൈബി ഈഡന് വിശേഷിപ്പിച്ചത്. ‘പിന്നില്‍ ചേര്‍ന്ന് നില്ക്കാന് ഇഷ്ടമാണ്, ക്യാപ്റ്റന്‍ (ഒറിജിനല്‍),’ എന്നാണ് ഹൈബി ഈഡന് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
സതീശന്റെ പിന്നില്‍ നടക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വി.ഡി. സതീശന് ഇപ്പോള്‍ എറണാകുളം ഡി.സി.സി ഓഫീസിലാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് നേരത്തെ സതീശന് പറഞ്ഞിരുന്നു.