കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി പി. രാജീവ്.
തൃക്കാക്കരയില്‍ മുന്നേറ്റമുണ്ടാക്കാനാകാത്തത് പരിശോധിക്കുമെന്നും കെ റെയിലിനെതിരായ തിരിച്ചടിയായി പരാജയത്തെ കാണേണ്ടതില്ലെന്നും പി. രാജീവ് പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിരുദ്ധ വോട്ടുകളുടെ ഏകോപനം ഉണ്ടായി. ബി.ജെ.പി വോട്ടുകള്‍ മൂന്ന് ശതമാനം കുറഞ്ഞു. കെ.വി.തോമസ് ഉള്‍പ്പടെയുള്ള ഘടകങ്ങളും പരിശോധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ് വോട്ടില്‍ വര്‍ധന ഉണ്ടായി എന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ 31,000 വോട്ടിന് പിറകില്‍ പോയ മണ്ഡലത്തിലാണ് വോട്ട് വര്‍ധിപ്പിക്കാനായതെന്നും പി.രാജീവ് പറഞ്ഞു. തൃക്കാക്കര കുറച്ച് കടുപ്പമുള്ള മണ്ഡലമായിരുന്നു. സില്‍വര്‍ലൈനിനുള്ള തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലത്തെ കാണാനാകില്ല. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റി ട്വന്റി വോട്ടുകള്‍ മുഴുവന്‍ യു.ഡി.എഫിന് പോയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലുണ്ടായ തോല്‍വി പാര്‍ട്ടി മുന്നോട്ടുവെച്ച വികസനമെന്ന ആശയത്തിന് എതിരായൊന്നും കാണുന്നില്ലെന്നായിരുന്നു എം. സ്വരാജിന്റെ പ്രതികരണം.
മുഖ്യമന്ത്രി നയിച്ച തെരഞ്ഞെടുപ്പ് എന്നൊന്നും പറയാന്‍ പറ്റില്ല. ഞങ്ങള്‍ എല്ലാവരും കൂട്ടായാണ് നയിച്ചത്. പിന്നെ മുഖ്യമന്ത്രി നയിച്ച തെരഞ്ഞെടുപ്പ് എന്ന് ഏതെങ്കിലും തെരഞ്ഞെടുപ്പിനെ പറയാന്‍ കഴിയുമെങ്കില്‍ അത് കഴിഞ്ഞ നിയമസഭ പൊതുതെരഞ്ഞെടുപ്പാണ്. മുഖ്യമന്ത്രി നയിക്കുന്ന തെരഞ്ഞെടുപ്പ് എന്നൊക്കെ പറയുന്നത് ആലങ്കാരികമായെങ്കിലും ശരിയാകണമെങ്കില്‍ അത് പൊതുതെരഞ്ഞെടുപ്പായിരിക്കണമെന്നും എം. സ്വരാജ് പറഞ്ഞിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യവുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞത്.ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ കാതം പിറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന കാഴ്ചയാണ് കാണുന്നത്. ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ ചോദ്യചിഹ്നമായാണ് കാണുന്നത്. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു തെരഞ്ഞെടുപ്പ് ജനവിധിയാണെന്ന്. അങ്ങനെയാണെങ്കില്‍ ജനഹിതം മാനിച്ച് നൂറു തികക്കുമെന്ന് പ്രഖ്യാപിച്ച്, എല്ലാ അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്ത് നിയോജക മണ്ഡലത്തില്‍ കുത്തിപ്പിടിച്ചിരുന്ന മുഖ്യമന്ത്രി ജനഹിതം മാനിച്ച് രാജിവെക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.