കോഹ്‌ലി തിരിച്ചുവരും, അയാളുടെ ടെക്‌നിക്കിന് ഒരു കുഴപ്പവുമില്ല ; പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

0

ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നൂറ് സെഞ്ച്വറി എന്ന റെക്കോഡ് ഒരുകാലത്ത് മറികടക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്ന കളിക്കാരനാണ് വിരാട്. എന്നാല്‍ കഴിഞ്ഞ രണ്ടര കൊല്ലമായി താരത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി വന്നിട്ടില്ല.

സെഞ്ച്വറി ഇല്ലെങ്കിലും മോശമല്ലാത്ത പ്രകടനം താരം നടത്തുന്നുണ്ടായിരുന്നു എന്നാല്‍ ആരാധകരും ടീമും കോഹ്‌ലിയില്‍ നിന്നും അതല്ല പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് കൊല്ലമായി താരത്തെ തേടി ഒരുപാട് വിമര്‍ശനങ്ങളും എത്തിയിരുന്നു. എന്നാല്‍ കോഹലിക്ക് സപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍.

ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയില്‍ താരം തിരിച്ചുവരുമെന്നാണ് അസറുദ്ദീന്റെ വാദം. ജൂലൈയിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര.

 

’50 റണ്‍സ് നേടുമ്പോള്‍, കോഹ്ലി പരാജയപ്പെട്ടതായി തോന്നുന്നു, തീര്‍ച്ചയായും, ഈ വര്‍ഷം അദ്ദേഹം കാര്യമായൊന്നും ചെയ്തിട്ടില്ല. എല്ലാവര്‍ക്കും, മികച്ചവര്‍ ആയാല്‍ പോലും, അവരുടെ കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോകാറുണ്ട്. കോഹ്ലി ക്രിക്കറ്റ് വിശ്രമം ഇല്ലാതെ ഒരുപാട് കളിക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് ഒരു ചെറിയ ഇടവേള ലഭിച്ചു, ഇംഗ്ലണ്ടില്‍ അദ്ദേഹം ഫോമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു,’ അസര്‍ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

 

കോഹ്ലിയെ പോലെയൊരു താരത്തെ വെച്ച് നോക്കുമ്പോള്‍ വളരെ മോശം സീസണായിരുന്നു ഇത്തവണത്തെ ഐ.പി.എല്‍. 15 കളിയില്‍ നിന്നും 22.73. ശരാശരിയില്‍ 341 റണ്ണാണ് താരം നേടിയത്. 115-ായിരുന്നു താരത്തിന്റെ പ്രഹരശേഷി.

‘അവന്റെ ടെക്‌നിക്കില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം ഭാഗ്യംകൂടി വേണ്ടിവരും. ഒരു വലിയ സ്‌കോര്‍, അല്ലെങ്കില്‍ ഒരു വലിയ സെഞ്ച്വറി നേടിയാല്‍, കോഹ്‌ലിയുടെ അഗ്രസീവ്‌നസ്സും ആത്മവിശ്വാസവും തിരിച്ചുവരും,’ അസര്‍ കൂട്ടിച്ചേര്‍ത്തു.

അസറുദ്ദീന്റെ വിശ്വാസം തന്നെയാണ് ക്രിക്കറ്റ് ആരാധകരുടെയെല്ലാം വിശ്വാസം. ഇംഗ്ലണ്ട് പരമ്പരയില്‍ താരം പഴയ വിശ്വരൂപം പുറത്തെടുക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Leave A Reply

Your email address will not be published.